ന്യൂഡല്‍ഹി: സിനിമ മേഖലയില്‍ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരത്തിനു മലയാളികളുടെ അഭിമാനമായ മഹാനടന്‍ മോഹന്‍ലാല്‍ അര്‍ഹനായി. ഇന്ത്യന്‍ സിനിമയ്ക്കു നല്‍കുന്ന സമഗ്ര സംഭാവനയ്ക്കുള്ള ആദരമായ ഈ പുരസ്‌കാരത്തിന്റെ 2023 എഡിഷനാണ് ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹന്‍ലാലിന്റെ സിനിമ യാത്രകളെന്ന് ഈ വാര്‍ത്ത പുറത്തുവിട്ടുകൊണ്ടുള്ള കുറിപ്പില്‍ പറയുന്നു. നടനും സംവിധായകനും നിര്‍മാതാവുമായ മോഹന്‍ലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യ പ്രതിഭ, വൈദഗ്ധ്യം, കഠിനാധ്വാനം എന്നിവ ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ സുവര്‍ണ സ്ഥാനം നേടിയെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്. അടുത്ത ചൊവ്വാഴ്ച നടക്കുന്ന ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ പരിപാടിയില്‍ വച്ചു തന്നെയായിരിക്കും ഈ പുരസ്‌കാരവും സമ്മാനിക്കുക. കേരളത്തില്‍ നിന്ന് ഇതിനു മുമ്പ് വിശ്രുത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് ഫാല്‍കേ പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ളത്. അദ്ദേഹത്തിന് 2004 ലായിരുന്നു അവാര്‍ഡ് ലബ്ധി. കഴിഞ്ഞ വര്‍ഷം ഹിന്ദി സിനിമ നടന്‍ മിഥുന്‍ ചക്രവര്‍ത്തിയാണ് ഈ അവാര്‍ഡിന് അര്‍ഹനായത്.
ഇന്ത്യയിലെ പ്രഥമ സമ്പൂര്‍ണ ഫീച്ചര്‍ സിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹബ് ഫാല്‍ക്കേയുടെ ഓര്‍മ നിലനിര്‍ത്താന്‍ 1969ലാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
മലയാളത്തിന്റെ അഭിമാനമായ മോഹന്‍ലാലിന് ഫാല്‍ക്കെ പുരസ്‌കാരം. ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ സമ്മാനിക്കും

