സുപ്രീം കോടതി ജഡ്ജി പോലും നാവില്‍ സൂക്ഷിച്ചത് ലാലേട്ടന്റെ ആ തഗ് ഡയലോഗ്

തിരുവനന്തപുരം: ഒരു നാട് ഒന്നാകെ ഏറ്റുചൊല്ലിയ തഗ് ഡയലോഗ് അവസാനം ഒരു സുപ്രീം കോടതി ജഡ്ജിയുടെ നാവിലും വിളങ്ങി. ആ മാസ് ഡയലോഗ് ഏതാണെന്നു സംശയിക്കേണ്ട, മലയാളിയുടെ അഭിമാനമായ മോഹന്‍ലാലിന്റെ ലൂസിഫര്‍ ഡയലോഗ് തന്നെ-നാര്‍കോട്ടിക്‌സ് ഈസ് എ ഡര്‍ട്ടി ബിസിനസ്. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത് ഇന്നലെ തിരുവനന്തപുരത്ത് ഈ ഡയലോഗ് ശുദ്ധ മലയാളത്തില്‍ തന്നെ പറഞ്ഞപ്പോള്‍ അതുമൊരു ചരിത്രമായി. ലഹരിമുക്ത കേരളം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കുമ്പോഴാണ് ഈ മാസ് ഡയലോഗുമായി ജസ്റ്റിസ് സൂര്യകാന്ത് സദസിനെ കൈയിലെടുത്തത്.
എന്നെ അറിയുന്നവരോട് ഞാന്‍ പണ്ടേ പറഞ്ഞിട്ടുണ്ട്. നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡര്‍ട്ടിബിസിനസ്. ഇതായിരുന്നു സൂര്യകാന്തിന്റെ വാക്കുകള്‍. എക്‌സൈസ് വകുപ്പും ലീഗല്‍ സര്‍വീസ് അതോറിറ്റിയും സംയുക്തമായി നടത്തുന്ന പരിപാടിയാണ് ലഹരിമുക്ത കേരളം. നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കൂടിയാണ് ജസ്റ്റിസ് സൂര്യകാന്ത്. അതുകൊണ്ടാണ് സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി തങ്ങളുടെ പരിപാടിയുടെ ഉദ്ഘാടകനായി അദ്ദേഹത്തെ കൊണ്ടുവന്നത്. നിയമ നടപടികള്‍ മാത്രമല്ല ആവശ്യം ലഹരിക്ക് അടിമയായി മാറിയവരെ കൗണ്‍സലിങ് വഴി തിരികെ ജീവിതത്തിലേക്കു കൊണ്ടുവരിക കൂടിയാണ് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.