ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികാരത്തീരുവ ഇന്ത്യന്‍ വാണിജ്യ മണ്ഡലത്തിലാകെ കരിനിഴല്‍ വിരിച്ചു നില്ക്കുമ്പോള് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി ടെലിഫോണ്‍ നയതന്ത്രവുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യയുമായുള്ള ഇന്ത്യയുടെ വാണിജ്യ ബന്ധത്തിന്റെ പേരിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയോട് ഇടഞ്ഞതെന്ന കാര്യവുമായി കൂട്ടി വായിക്കുമ്പോഴാണ് ഈ ടെലിഫോണ്‍ സംഭാഷണത്തിന്റെ പ്രാധാന്യം വ്യക്തമാകുന്നത്. രാജ്യാന്തര കാര്യങ്ങള്‍ ഇരു നേതാക്കളും സംസാരിച്ചുവെന്നു മാത്രമല്ല പുടിനെ മോദി ഇന്ത്യന്‍ സന്ദര്‍ശനത്തിനു ക്ഷണിക്കുകയും ചെയ്തു.
യുക്രെയിനിലെ പുതിയ സംഭവ വികാസങ്ങളും ഉഭയകക്ഷി സഹകരണത്തിലെ പുരോഗതിയും തങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് മോദി പിന്നീട് തന്റെ എക്സ് അക്കൗണ്ടില്‍ കുറിച്ചു. ‘യുക്രെയിനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ പുടിന് പങ്കു വച്ചു. ഇന്ത്യ-റഷ്യ ഉഭയകക്ഷി അജണ്ടയിലെ പുരോഗതിയും വിലയിരുത്തി. കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ഉറപ്പിച്ചു.’ ഈ വര്‍ഷം അവസാനം പുടിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാന്‍ ആഗ്രഹിക്കുന്നതായും മോദി എക്സ് അക്കൗണ്ടിലെ കുറിപ്പില്‍ വ്യക്തമാക്കി.
പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി
