മോദിയുടെ ബിരുദ വിവരം ആരെയും അറിയിക്കേണ്ടതില്ലെന്നു ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: അങ്ങനെ ഒരു കാര്യം തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറംലോകം കാണില്ല. ഇതു സംബന്ധിച്ച് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ പുറപ്പെടുവിച്ചിരുന്ന ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. 1978ല്‍ മോദി പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയതിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ട് നീരജ് ശര്‍മയെന്ന ആക്ടിവിസ്റ്റ് 2016ല്‍ ഡല്‍ഹി സര്‍വകലാശാലയെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍വകലാശാല ഈ ആവശ്യം നിരസിച്ചപ്പോള്‍ ഇതേ ആവശ്യം കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ ഉന്നയിക്കുകയായിരുന്നു നീരജ് ചെയ്തത്. ഇതേ തുടര്‍ന്ന് 1978ല്‍ ബിരുദം നേടിയ വിദ്യാര്‍ഥികളുടെ പട്ടിക അടങ്ങിയ രജിസ്റ്റര്‍ പരസ്യമാക്കാന്‍ ഡല്‍ഹി സര്‍വകലാശാലയോട് വിവരാവകാശ കമ്മീഷണര്‍ പ്രഫ. എം. ആചാര്യലു ഉത്തരവിട്ടു. 2017ല്‍ ഈ ഉത്തരവിനെ ചോദ്യം ചെയ്ത് സര്‍വകലാശാല ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഉത്തരവിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നായിരുന്നു സര്‍വകലാശാലയുടെ വാദം. രാജ്യത്തെ സര്‍വകലാശാലകള്‍ കോടിക്കണക്കിനു വിദ്യാര്‍ഥികളുടെ ബിരുദ വിവരങ്ങള്‍ വിശ്വാസ്യതയോടെ സൂക്ഷിക്കുന്നതാണെന്നും അവ പരസ്യപ്പെടുത്താന്‍ ആവശ്യപ്പെടുന്നതു ശരിയല്ലെന്നുമായിരുന്നു കേസില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം. ഇക്കൊല്ലം ഫെബ്രുവരിയില്‍ വാദങ്ങള്‍ പൂര്‍ത്തിയായിരുന്നെങ്കിലും വിധി പറയാന്‍ മാറ്റുകയായിരുന്നു. ആ വിധിയാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.