മിഥുന്‍ മന്‍ഹാസ് പുതിയ ബിസിസിഐ പ്രസിഡന്റ്, രണ്ടു സിലക്ടര്‍ കൂടിയെത്തുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) 37ാമത് പ്രസിഡന്റായി മുന്‍ ഡല്‍ഹി ക്യാപ്റ്റനും ആഭ്യന്തര ക്രിക്കറ്റിലെ പ്രശസ്ത കളിക്കാരനുമായ മിഥുന്‍ മന്‍ഹാസിനെ പ്രഖ്യാപിച്ചു. റോജര്‍ ബിന്നി സ്ഥാനമൊഴിഞ്ഞതു മുതല്‍ താല്‍ക്കാലിക പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വന്ന രാജീവ് ശുക്ല വൈസ്പ്രസിഡന്റ് സ്ഥാനത്തു തുടരും. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ആണ് മിഥുന്‍ മന്‍ഹാസിന്റെ നിയമനം എക്‌സിലൂടെ അറിയിച്ചത്.
157 ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള മന്‍ഹാസ് ഐപിഎലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, പൂനെ വാരിയേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ടീമുകള്‍ക്കുവേണ്ടിയും കളത്തിലിറങ്ങിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മാത്രം ഒതുങ്ങിപ്പോയ കരിയറാണ് ഇദ്ദേഹത്തിന്റേത്. 2022ലെ ഐപിഎലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ കോച്ചായും മന്‍ഹാസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മന്‍ഹാസിന്റെ നിയമനത്തിനൊപ്പം സിലക്ഷന്‍ കമ്മിറ്റിയിലേക്ക് ആര്‍ പി സിംഗ്, പ്രഗ്യാന്‍ ഓജ എന്നിവരെക്കൂടി നിയമിച്ചിട്ടുമുണ്ട്. നിലവിലുള്ള സെലക്ടര്‍മാരായ ശിവ് സുന്ദര്‍ദാസ്, അജിത് അഗാര്‍ക്കര്‍, അജയ് രാത്ര എന്നിവര്‍ക്കു പുറമെയായിരിക്കും ഇവര്‍ രണ്ടുപേര്‍ കൂടിയെത്തുക.