ബാങ്കോക്ക്: രണ്ടു മാസത്തിനു ശേഷം തായ്ലന്ഡില് മിസ് യൂണിവേഴ്സ് മത്സരം നടക്കുമ്പോള്‍ മാറ്റുരയ്ക്കുന്ന മൂന്നു സുന്ദരിമാര്‍ ഇന്ത്യന്‍ വംശജരായിരിക്കുമെന്നുറപ്പായി. ഒരു പക്ഷേ, അവസാന മത്സരം ഇന്ത്യന്‍ സുന്ദരിമാര്‍ തമ്മിലായാലും അതിശയിക്കേണ്ടി വരില്ലെന്നാണ് പല സൗന്ദര്യാരാധകരും പറയുന്നത്. മിസ് യൂണിവേഴ്സ് മത്സരത്തിലേക്ക് ഗയാനയില്‍ നിന്നും തായ്ലന്ഡില് നിന്നും ക്വാളിഫൈ ചെയ്യപ്പെട്ടിരിക്കുന്ന ദേശീയ സുന്ദരിമാര്‍ ഇന്ത്യന്‍ വംശജരാണ്, ചാന്ദിനി ബല്ജോറും പ്രവീണാര്‍ സിങ്ങും. ഇവര്‍ക്കു പുറമെ ഇന്ത്യയെ പ്രതിനിധീകരിച്ചെത്തുന്നതും ഇന്ത്യക്കാരിയാകാനേ തരമുള്ളൂ. അങ്ങനെയാണ് ഇന്ത്യയ്ക്ക് മറ്റേതു രാജ്യത്തെക്കാള്‍ വിശ്വസുന്ദരി പട്ടത്തിലേക്ക് കൂടുതല്‍ ക്ലെയിം ലഭിക്കുന്നത്.
ചാന്ദിനി ബല്‍ജോര്‍ മിസ് യൂണിവേഴ്സ് ഗയാനയും പ്രവീണാര്‍ സിങ് മിസ് യൂണിവേഴ്സ് തായ്ലന്‍ഡുമാണ്. ആതിഥേയ രാജ്യം തന്നെ ഇന്ത്യന്‍ വംശജയെ അവസാന റൗണ്ടില്‍ ഇറക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഗയാനയില്‍ നാലാം വര്‍ഷ വൈദ്യശാസ്ത്ര വിദ്യാര്‍ഥിനിയാണ് ചാന്ദിനി. മെഡിക്കല്‍ ബിരുദത്തിനു പഠിക്കുന്നതിനൊപ്പം ടെക്സില അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ പബ്ലിക് ഹെല്‍ത്തില്‍ ബാച്ചിലര്‍ പഠനം കൂടി നടത്തി ഇരട്ട ബിരുദത്തിനുള്ള ശ്രമത്തിലാണിവര്‍. നിലവില്‍ നാച്ചുറല്‍ സയന്‍സില്‍ ഒരു ബിരുദം ഇവര്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. സൗന്ദര്യ മത്സരങ്ങള്‍ പഠനത്തിനൊപ്പം മുന്നോട്ടു കൊണ്ടുപോകുന്ന ചാന്ദിനി 2022ല്‍ മിസ് ടീന്‍ ചാം ഗയാനയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മിസ് യൂണിവേഴ്സ് ഗയാന മത്സരത്തില്‍ റണ്ണര്‍ അപ്പായി മാറാനും സാധിച്ചിരുന്നു. ബുദ്ധി കൂര്മതയുടെയും അനുകമ്പയുടെയും ആള്‍രൂപമെന്നാണ് ഇതുവരെയുള്ള മത്സരങ്ങളിലെ പ്രകടനം വിലയിരുത്തിയ ശേഷം ജഡ്ജസ് ചാന്ദിനിയെ വിശേഷിപ്പിക്കുന്നത്.
മിസ് യൂണിവേഴ്സ് തായ്ലന്ഡ് ഫൈനല്‍ റൗണ്ടില്‍ 77 എതിരാളികളെയാണ് തന്റെ അഴകളവുകള്‍ കൊണ്ടും വാക്ചാതുരികൊണ്ടും ബുദ്ധിശക്തി കൊണ്ടും പ്രവീണാര്‍ സിങ് തോല്‍പ്പിച്ചത്. തായ്ലന്ഡിലെ തമ്മസാറ്റ് സര്‍വകലാശാലയില്‍ നിന്ന് റഷ്യന്‍ ഭാഷയില്‍ ബിരുദം സമ്പാദിച്ച ഇരുപത്തെട്ടുകാരിയാണ് പ്രവീണാര്‍. നീണ്ട മത്സര ചരിത്രത്തിനു ശേഷമാണ് പ്രവീണാര്‍ വിശ്വസുന്ദരി പട്ടത്തിനായി മാറ്റുരയ്ക്കാനെത്തുന്നത്. 2018ല്‍ മിസ് യൂണിവേഴ്സ് തായ്ലന്ഡ് മത്സരത്തില്‍ സെക്കന്‍ഡ് റണ്ണറപ്പായിരുന്നു. പിന്നീട് 2020ല്‍ ഫസ്റ്റ് റണ്ണറപ്പായി ഉയര്‍ന്നു. 2023ല്‍ വീണ്ടും സെക്കന്‍ഡ് റണ്ണറപ്പ് സ്ഥാനത്തേക്ക് ഒരു പടിയിറങ്ങേണ്ടതായി വന്നു. നിശ്ചയദാര്‍ഢ്യത്തോടെയുള്ള കഠിനാധ്വാനത്തിനൊടുവില്‍ ഇക്കൊല്ലം മിസ് യൂണിവേഴ്സ് തായ്ലന്‍ഡായി തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെയാണ് മിസ് യൂണിവേഴ്സ് മത്സരത്തില്‍ വിവിധ രാജ്യങ്ങളിലെ സുന്ദരിമാരോടു മാറ്റുരയ്ക്കാനുള്ള യോഗ്യത നേടിയത്.
ഇന്ത്യ തിളങ്ങുന്നു, വിശ്വസുന്ദരിയാകാന്‍ രണ്ടു മറുനാടന്‍ ഇന്ത്യന്‍ സുന്ദരിമാര്‍
