മൈക്രോസോഫ്റ്റ് എന്‍ജിനിയര്‍ ഓഫീസില്‍ മരിച്ച നിലയില്‍, ഇന്ത്യക്കാരന്‍

സിലിക്കണ്‍ വാലി: മൈക്രോസോഫ്റ്റ് ജീവനക്കാരനായ ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറെ ഓഫീസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശിയായ പ്രതീക് പാണ്ഡേയാണ് നിര്യാതനായത്. കാലിഫോര്‍ണിയ മൗണ്ടന്‍ വ്യൂവിലെ വാസസ്ഥലത്തു നിന്ന് കഴിഞ്ഞ ദിവസം ഈവനിങ് ഡ്യൂട്ടിക്കായി ഓഫീസിലെത്തിയ പാണ്ഡേയെ പുലര്‍ച്ചെ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സ്ഥിരമായി ഡ്യൂട്ടിസമയം കഴിഞ്ഞും ഓഫീസില്‍ തങ്ങി ജോലിചെയ്തിരുന്ന സ്വഭാവക്കാരനായിരുന്നു പാണ്ഡേ. മൈക്രോസോഫ്റ്റിന്റെ ബിഗ്ഡാറ്റ വിശകലനത്തിനാവശ്യമായ ടൂളുകള്‍ വികസിപ്പിക്കുന്ന വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. മൃതദേഹത്തില്‍ സംശയാസ്പദമായ കാര്യങ്ങളൊന്നും കാണുന്നില്ലെന്ന് പ്രാഥമിക പരിശോധനയ്ക്കു ശേഷം പോലീസ് വെളിപ്പെടുത്തി. കൂടുതല്‍ പരിശോധനകള്‍ക്കായി മൃതദേഹം മാറ്റിയിരിക്കുകയാണ്. എന്നാല്‍ ഈ സംഭവത്തില്‍ പ്രതികരിക്കാന്‍ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ ഇതുവരെ തയാറായിട്ടില്ല.
ഭോപ്പാലില്‍ നിന്നു കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദമെടുത്ത ശേഷം ഏതാനും ഇന്ത്യന്‍ കമ്പനികളില്‍ ആദ്യകാലത്തു ജോലി നോക്കിയ പാണ്ഡേ പിന്നീട് അമേരിക്കയിലെത്തുകയായിരുന്നു. മൂന്നു കമ്പനികളിലെ ജോലിക്കു ശേഷമാണ് മൈക്രോസോഫ്റ്റില്‍ ചേരുന്നത്. മുപ്പത്തഞ്ചു വയസായിരുന്നു പ്രായം.