മെസ്സി വരും കേട്ടോ, അവസാനം അക്കാര്യത്തില്‍ തീരുമാനമായി, തീയതി ഉടന്‍ അറിയും

തിരുവനന്തപുരം: അവസാനം അക്കാര്യത്തിലൊരു തീരുമാനമായി. മെസിയും അര്‍ജന്റീനിയ ടീമും കേരളത്തിലെത്തും, സൗഹൃദ മത്സരം കളിക്കുകയും ചെയ്യും. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി.
നവംബര്‍ പത്തിനും പതിനെട്ടിനുമിടയിലായിരിക്കും സന്ദര്‍ശനമെന്നാണിപ്പോള്‍ അറിയുന്നത്. കൃത്യമായ തീയതി അറിയാനിരിക്കുന്നതേയുള്ളൂ. മന്ത്രി വി അബ്ദുറഹിമാനും ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍ ആര്‍ക്കെതിരേയായിരിക്കും സൗഹൃദ മത്സരം കളിക്കുകയെന്ന് ഇനിയും തീരുമാനമായിട്ടില്ല.
തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമായിരിക്കും സൗഹൃദ മത്സരത്തിനു വേദിയാകുക. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് മെസിയുടെയും സംഘത്തിന്റെയും വരവ് സംബന്ധിച്ച് കൃത്യമായ സ്ഥിരീകരണം ലഭിക്കുന്നത്. 2011 ലായിരുന്നു മെസി ഇതിനു മുമ്പ് കേരളത്തിലെത്തിയത്. അന്ന് കോല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ വെനസ്വേലയ്‌ക്കെതിരേയാണ് കളിച്ചത്.