മെസ്സി കേരളത്തിലേക്കു വരുമോ? വരില്ല, വരും, അകെ കണ്‍ഫ്യൂഷനായല്ലോ

തിരുവനന്തപുരം: സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹിമാന് അശേഷം സംശയമില്ല മെസ്സി കേരളത്തില്‍ വരിക തന്നെ ചെയ്യും. വരില്ല എന്ന കാര്യം ഏറക്കുറേ സ്ഥാപിച്ചു കഴിഞ്ഞിരിക്കുമ്പോഴാണ് ഏതാനും ദിവസത്തിന്റെ ചെറിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും ഇന്ന് അബ്ദുറഹിമാന്‍ മെസ്സിയെ എടുത്തു വാര്‍ത്തയാക്കിയത്. മെസ്സി മാത്രമല്ല, അര്‍ജന്റീന ടീം മൊത്തം കേരളത്തില്‍ വരുമെന്നാണ് റഹിമാന്റെ അവകാശവാദം. മെസ്സി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഡിസംബറില്‍ വരുന്നത് സ്വകാര്യ സന്ദര്‍ശനത്തിന്റെ ഭാഗമായാണെന്നും അത് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ അറിവോടെയല്ലെന്നും മന്ത്രിക്കുറപ്പാണ്.
അര്‍ജന്റീന ടീം കേരളത്തിലേക്ക് വരില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. നവംബര്‍ മാസത്തില്‍ കേരളത്തില്‍ വരുമെന്നാണ് സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. അതിനാവശ്യമായ സുരക്ഷാ സംവിധാനം ഒരുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആ രീതിയില്‍ കാര്യങ്ങള്‍ നടക്കുന്നുണ്ട്. മന്ത്രി തറപ്പിച്ചു പറയുന്നു.
സംശയമുണ്ടായത് ആദ്യത്തെ സ്‌പോണ്‍സര്‍ മാറിയപ്പോഴാണെന്ന് മന്ത്രി പറയുന്നു. ഇപ്പോള്‍ പുതിയ സ്‌പോണ്‍സറാണ് കാര്യങ്ങള്‍ നടത്തുന്നത്. ഇപ്പോഴത്തെ സ്‌പോണ്‍സറോടും നവംബറില്‍ വരുമെന്നു തന്നെയാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചിട്ടുള്ളത്. മന്ത്രി പറഞ്ഞു.
എന്നാല്‍ ഡിസംബര്‍ 12ന് രാത്രി മെസ്സി കൊല്‍ക്കത്തയിലെത്തുമെന്നാണ് വെള്ളിയാഴ്ച ആധികാരികമായി പുറത്തു വന്ന വിവരം. കൊല്‍ക്കത്തയ്ക്കു പുറമെ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ മാത്രമാണ് മെസ്സിക്കു പരിപാടികളുള്ളത്. ആ പരിപാടികള്‍ സംബന്ധിച്ച കാര്യങ്ങള്‍ മെസ്സിയുടെ മാനേജര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 2011നു ശേഷം ഇതുവരെ ഇന്ത്യയിലേക്കു തന്നെ വന്നിട്ടില്ലാത്ത മെസ്സി ഇക്കൊല്ലം നവംബറിലും ഡിസംബറിലും കേരളത്തില്‍ വരുമോ. ആരെ വിശ്വസിക്കണം. ഏതായാലും മെസ്സിയെ വിട്ടുപിടിക്കാന്‍ മന്ത്രി ഇതുവരെ തയ്യാറായിട്ടില്ലല്ലോ. എന്താണു സംഭവിക്കുകയെന്നു കാത്തിരുന്നു കാണുകയേ തരമുള്ളൂ.