ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഫുട്‌ബോളിന്റെ മിശിഹ ഓസ്‌ട്രേലിയയെ നേരിടും

കൊച്ചി: അവസാനം സ്റ്റേഡിയത്തിന്റെ കാര്യം തീരുമാനമായി, എതിരേ ആരു കളിക്കുമെന്നതും തീരുമാനമായി. ഇനി മെസി ഇങ്ങു പറന്നിറങ്ങിയാല്‍ മതിയെന്ന അവസ്ഥവരെയെത്തി നില്‍ക്കുകയാണ് അര്‍ജന്റീന ടീമിന്റെ കേരളസന്ദര്‍ശനം. നവംബര്‍ പതിനാലിനു ശേഷം ടീം കേരളത്തിലെത്തുമെന്നാണ് അവസാനമായി അറിയുന്നത്. സൗഹൃദ മാച്ചായിരിക്കും കളിക്കുക. ഓസ്‌ട്രേലിയന്‍ ടീമിനെതിരേയായിരിക്കും കൊച്ചിയില്‍ അര്‍ജന്റീന കളിക്കുക. വേദി കൊച്ചി കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം. കൃത്യമായി തീയതി കൂടി നിശ്ചയിക്കപ്പെട്ടാല്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. സംസ്ഥാന കായിക മന്ത്രി വി. അബ്ദു റഹിമാന്‍ കലൂര്‍ സ്‌റ്റേഡിയത്തിലെത്തി സൗകര്യങ്ങള്‍ നിരീക്ഷിച്ചു തൃപ്തിപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിനൊപ്പം അര്‍ജന്റീന ടീമിന്റെ മാനേജര്‍ ഹെക്ടര്‍ ദാനിയല്‍ കബ്രേരയുമുണ്ടായിരുന്നു. വിമാനത്താവളത്തിലെയും സ്റ്റേഡിയത്തിലെയും സുരക്ഷയും സൗകര്യങ്ങളും, ടീമിന്റെ താമസവും ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയൊക്കെയാണ് കബ്രേര വിലയിരുത്തിയത്.