മെല്‍ബണ്‍ ലിറ്റററി ഫെസ്റ്റിവലില്‍ എംടി സ്മൃതി, എംടി കഥാവായന, എംടി സിനിമകളിലെ ഗാനാലപനം

മെല്‍ബണ്‍: മെല്‍ബണിലെ വിപഞ്ചിക ഗ്രന്ഥശാല ഒരുക്കുന്ന ഓസ്‌ട്രേലിയന്‍ മലയാളി ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രധാന ആകര്‍ഷണമായി എംടി സ്മൃതി അരങ്ങേറും. മലയാളത്തിന്റെ അനശ്വര കഥാകാരന്‍ എം ടി വാസുദേവന്‍ നായരുടെ കഥകളില്‍ നിന്നു തിരഞ്ഞെടുത്ത ഭാഗങ്ങളുടെ വായനയും എംടിയുടെ ചിത്രങ്ങളിലെ ഗാനങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഈ പ്രത്യേക പരിപാടി അതിന്റെ തനിമകൊണ്ടും എംടിയോടുള്ള ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിന്റെ ആദരവുകൊണ്ടും പ്രത്യേകം ശ്രദ്ധിക്കപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു.
വിക്ടോറിയ ക്ലേയ്റ്റന്‍ റോഡിലെ ക്ലേയ്റ്റന്‍ ഹാളില്‍ നവംബര്‍ പതിനഞ്ചിന് വൈകുന്നേരം അറിനാണ് പരിപാടി നടക്കുക. ഓസ്‌ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളം സാഹിത്യപ്രേമികള്‍ ഇതില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുകയാണെന്ന് സംഘാടകര്‍ വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ മലയാളീ ലിറ്ററേച്ചര്‍ ഫെസ്റ്റിന്റെ രണ്ടാം എഡിഷനാണ് ഇക്കൊല്ലം നടക്കുക. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വി കെ കെ രമേശ് മുഖ്യാതിഥിയായിരിക്കും.
എംടി സ്മൃതിക്കു പുറമെ വൈവിധ്യമുള്ള മറ്റ് അനേകം പരിപാടികളുമാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ പ്രധാനം എം കൃഷ്ണന്‍ നായരുടെ അതിപ്രശസ്തമായ സാഹിത്യവാരഫലം എന്ന പംക്തിയുടെ ഓര്‍മപുതുക്കലും വികെഎന്‍ ചിരിയും ചിന്തയും എന്ന പേരില്‍ വികെഎന്‍ അനുസ്മരണവുമാണ്. ഓസ്‌ട്രേലിയന്‍ മലയാളി എഴുത്തുകാരെ പരിചയപ്പെടുത്തുന്ന തുറന്ന പുസ്തകം അതിന്റെ വ്യത്യസ്തത കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടും. വിക്ടോറിയന്‍ ഗവണ്‍മെന്റിന്റെ മലയാളം പരീക്ഷാ വിജയികളെ ഫെസ്റ്റിന്റെ ഭാഗമായി അനുമോദിക്കുന്നുമുണ്ട്. കവിതകളുടെ ചൊല്ലരങ്ങ്, നാടന്‍ പാട്ടുകളുടെ പാട്ടോര്‍മകള്‍, സാഹിത്യ ചര്‍ച്ചകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയുമുണ്ടാകും. പ്രവേശനം സൗജന്യമാണ്. രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പേര് രജിസ്റ്റര്‍ ചെയ്യാം.

https://app.orgnyse.com.au/320/amlf2-australian-malayalee-literature-fest-2025

കൂടുതല്‍ വിവരങ്ങള്‍ക്ക് 0433147235 എന്ന നമ്പരിലോ vipanchikagrandhasala@gmail.com എന്ന ഇമെയിലിലോ ബന്ധപ്പെടുക.