സൂററ്റ്: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ചുറി നേടി പുതു ചരിത്രമെഴുതിയിരിക്കുകയാണ് മേഘാലയയുടെ ആകാശ് ചൗധരി. രഞ്ജി ട്രോഫി ക്രിക്കറ്റിലെ ലോവര്‍ ഡിവിഷന് ഗ്രൂപ്പില്‍ അരുണാചല്‍ പ്രദേശിനെതിരായ മത്സരത്തില്‍ വെറും പതിനൊന്നു പന്തുകളില്‍ നിന്നാണ് ആകാശ് അമ്പതിലേറെ റണ്‍സിലേക്ക് ചരിത്രം കുറിച്ചെത്തിയത്. 2012ല്‍ ഇംഗ്ലണ്ടില്‍ എസെക്സിനെതിരേ ലെസ്റ്റര്‍ഷയറിനായി പന്ത്രണ്ടു പന്തുകളില്‍ നിന്നു സെഞ്ചുറി നേടിയ വെയ്ന്‍ വൈറ്റിന്റെ റെക്കോഡാണ് ആകാശ് ചൗധരി തകര്‍ത്തത്.
എട്ടാം നമ്പരില്‍ ബാറ്റിങ്ങിനിറങ്ങിയ ആകാശ് എട്ടു സിക്സറുകള്‍ അടക്കം തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് നാഴികക്കല്ല് പിന്നിട്ടത്. ആരുണാചല്‍ പ്രദേശിന്റെ ലിമാര്‍ ദാബിയുടെ ഒരൊറ്റ ഓവറിലാണ് ആകാശ് ആറു സിക്സറുകള്‍ പറത്തിയത്. എറിഞ്ഞ ആറു പന്തും ആറു സിക്സറുകളായപ്പോള് ആ ഒരൊറ്റ ഓവറില്‍ നിന്നു കിട്ടിയത് 36 റണ്‍സ്. പതിനാലു പന്തുകള്‍ നേരിടുകയും ആകാശ് പുറത്താകാതെ നില്‍ക്കുകയും ചെയ്യുമ്പോള്‍ മേഘാലയ 628 റണ്‍സിന് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

