ഒട്ടാവ: കാനഡയുടെ മണ്ണില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പ്രവേശിച്ചാല്‍ ഉറപ്പായും അറസ്റ്റ് ചെയ്ത് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് നടപ്പാക്കുമെന്ന് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. കഴിഞ്ഞ വര്‍ഷം നവംബര്‍ ഇരുപത്തൊന്നിനായിരുന്നു ബഞ്ചമിന്‍ നെതന്യാഹുവിനെയും ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെയും ഗാസയിലെ കൂട്ടക്കുരുതിയുടെ പേരില്‍ യുദ്ധക്കുറ്റവാളികളായി അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചിരുന്നത്.
വംശഹത്യ, കൂട്ടക്കുരുതി തുടങ്ങിയ മാനവികതയ്‌ക്കെതിരായ കുറ്റങ്ങള്‍ ചെയ്യുന്നവരെയാണ് ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോര്‍ട്ട് എന്ന രാജ്യാന്തര കോടതി ശിക്ഷിക്കുന്നത്. ഈ ശിക്ഷ നടപ്പാക്കാന്‍ ഐസിസിയില്‍ അംഗങ്ങളായ എല്ലാ രാജ്യങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്. ഈ ഉത്തരവാദിത്വം നിറവേറ്റുമെന്ന മാര്‍ക്ക് കാര്‍ണിയുടെ പ്രസ്താവനയെ അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മനുഷ്യാവകാശ സംഘടനകളും സ്വാഗതം ചെയ്‌തെങ്കിലും നയതന്ത്ര ബന്ധങ്ങളില്‍ വലിയ ഉലച്ചിലിനാണ് ഇത് ഇടയാക്കുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ബ്ലൂംബര്‍ഗുമായി നടത്തിയ അഭിമുഖത്തിലാണ് കാര്‍ണി ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
തങ്ങള്‍ക്കെതിരായ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് നെതന്യാഹു നല്‍കിയിരുന്ന അപ്പീല്‍ ഐസിസി കഴിഞ്ഞയാഴ്ച തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ കോടതിയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന ന്യായമുയര്‍ത്തി നിഷേധിക്കുകയാണ് ഇസ്രയേല്‍ ചെയ്യുന്നത്. ഇതിന് നിയമപരമായ അടിസ്ഥാനമില്ലെന്നും ഇസ്രയേല്‍ വാദിക്കുന്നു.

