സമാധാന നൊബേല്‍ വെനിസ്വേലന്‍ ആക്ടിവിസ്റ്റ് മരിയ കൊരീന മഷാദോയ്ക്ക്

ഓസ്ലോ: വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവര്‍ത്തകയുമായ മരിയ കൊരീന മഷാദോയ്ക്ക് ഈ വര്‍ഷത്തെ സമാധാന നൊബേല്‍ പുരസ്‌കാരം. രാജ്യത്തെ ഏകാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനും ജനാധിപത്യ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനായി പരിശ്രമിക്കുന്നതിനുമാണ് പുരസ്‌കാരം സമ്മാനിക്കുന്നതെന്ന് നൊബേല്‍ അവാര്‍ഡ് നിര്‍ണയ സമിതി വ്യക്തമാക്കി. പതിറ്റാണ്ടുകളായി സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന് കീഴില്‍ ഏകാധിപത്യ ഭരണക്രമം തുടരുന്ന വെനിസ്വേലയില്‍ ശിഥിലമായി പോയ പ്രതിപക്ഷ കക്ഷികളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് ശക്തി പകരാന്‍ അമ്പത്തെട്ടുകാരിയായ മരിയയ്ക്ക് കഴിഞ്ഞുവെന്ന് കമ്മിറ്റി വിലയിരുത്തി.
1967ല്‍ വെനിസ്വേലന്‍ തലസ്ഥാനമായ കരാക്കസില്‍ ജനിച്ച മരിയ ഇന്‍ഡസ്ട്രിയല്‍ എന്‍ജിനിയറിങ്ങിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയാണ്. 1992ല്‍ കരാക്കസിലെ തെരുവുകുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി അതീനിയ ഫൗണ്ടേഷന്‍ എന്ന സംഘടന രൂപീകരിച്ചാണ് ഇവര്‍ പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. പത്തുവര്‍ഷത്തിനു ശേഷം അവര്‍ പ്രത്യക്ഷമായി രാഷ്ട്രീയം സംസാരിച്ചു തുടങ്ങി. ഹ്യൂഗോ ഷാവേസിന്റെ ഭരണത്തിനെതിരേ പ്രവര്‍ത്തിച്ചാണ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.
അതേ സമയം മരിയയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കിയതിനെ വൈറ്റ് ഹൗസ് രൂക്ഷമായി വിമര്‍ശിച്ചു. ആഗോള സമാധാനത്തെക്കാള്‍ രാഷ്ട്രീയത്തിനാണ് നൊബേല്‍ പുരസ്‌കാര സമിതി പ്രാധാന്യം നല്‍കിയതെന്ന് വൈറ്റഹൗസ് ആരോപിച്ചു. എങ്കിലും ലോക സമാധാന പ്രവര്‍ത്തനങ്ങളുമായി ഡൊണാള്‍ഡ് ട്രംപ് ഇനിയും മുന്നോട്ടു പോകുമെന്ന് വൈറ്റ്ഹൗസ് വക്താവ് പറഞ്ഞു. എന്നാല്‍ തനിക്കു ലഭിച്ച നൊബേല്‍ സമ്മാനം എല്ലാ വെനിസ്വേലക്കാര്‍ക്കുമൊപ്പം ഡൊണാള്‍ഡ് ട്രംപിനു കൂടി സമര്‍പ്പിക്കുന്നുവെന്ന് മരിയ മഷാദോ എക്‌സില്‍ കുറിച്ച പ്രതികരണത്തില്‍ വ്യക്തമാക്കി.