ഇന്ത്യന്‍ ഗോള്‍മുഖത്തെ കടുവ ഫ്രെഡറിക് മാനുവല്‍ ഓര്‍മയായി, ആദ്യമായി ഒളിമ്പിക് മെഡല്‍ നേടിയ മലയാളി

ബെംഗളൂരു: ശ്രീജേഷിനു മെഡല്‍ കിട്ടുന്നതിനും അര നൂറ്റാണ്ടോളം മുമ്പ് ആദ്യമായി ഒളിമ്പിക്‌സ് മെഡല്‍ നേടിയ മലയാളി മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു. ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍മുഖത്തെ കടുവ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മാനുവല്‍ ബെംഗളൂരുവിലെ ആസ്റ്റര്‍ സിഎംഐ ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെയാണ് അന്തരിച്ചത്. കണ്ണൂര്‍ സ്വദേശിയാണ്. 1972ലെ മ്യൂണിക് ഒളിമ്പിക്‌സിലാണ് മാനുവല്‍ ഗോളിയായ ഇന്ത്യന്‍ ടീം വെങ്കല മെഡല്‍ നേടുന്നത്.

കായിക രംഗത്തെ സംഭാവനകള്‍ക്ക് 2019ല്‍ രാജ്യം അദ്ദേഹത്തിന് ധ്യാന്‍ചന്ദ് പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. പതിനാറു രാജ്യാന്ത ചാമ്പ്യന്‍ഷിപ്പുകള്‍ ടൈ ബ്രേക്കറിലെത്തി ഇന്ത്യന്‍ ടീമിനെ രക്ഷിച്ച ഗോളി എന്ന നേട്ടവും മാനുവലിനുള്ളതാണ്. ഇദ്ദേഹത്തെ വെട്ടിച്ച് ഇന്ത്യന്‍ ഗോള്‍മുഖം ഭേദിക്കാന്‍ അക്കാലത്ത് ഏറെ ബുദ്ധിമുട്ടായിരുന്നു. ഫുട്‌ബോളില്‍ സ്‌ട്രൈക്കറായി കായിക ജീവിതം ആരംഭിച്ചെങ്കിലും പിന്നീട് ഹോക്കിയിലേക്ക് ചുവടു മാറ്റുകയായിരുന്നു. ആര്‍മി സര്‍വീസ് കോറില്‍ ബെഗളൂരുവില്‍ നിന്നാണ് ജോലിയില്‍ നിന്നു വിരമിക്കുന്നത്. ശീതളയാണ് ഭാര്യ. ഫ്രെഷീന, ഫെനില എന്നിവര്‍ മക്കളാണ്.