മുംബൈ: കടക്കെണിയില്‍ അകപ്പെട്ട് പാപ്പരത്ത നടപടികള്‍ നേരിടുന്ന മലയാളി സംരംഭകന് ബൈജു രവീന്ദ്രന്റെ എഡ്ടെക് കമ്പനിയായ ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണിനെ ഏറ്റെടുക്കാന്‍ മണിപ്പാല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പിനു (എംഇഎംജി)താല്പര്യം. തിങ്ക് ആന്‍ഡ് ലേണിന്റെ ഓഹരികള്‍ വിറ്റഴിച്ച് വായ്പത്തുക വീണ്ടെടുക്കാന്‍ നിയോഗിക്കപ്പെട്ട റസല്യൂഷന്‍ പ്രഫഷണല്‍ ശേലേന്ദ്ര അജ്മേറ, കമ്പനി ഏറ്റെടുക്കുന്നതിന് ആഗ്രഹിക്കുന്നവരില്‍ നിന്നു താല്പര്യപത്രം ക്ഷണിച്ചിരുന്നതാണ്. ഇതിനായി നിശ്ചയിച്ചിരിക്കുന്ന അവസാന തീയതി ഈ മാസം 13 ആണ്. നിലവില്‍ എംഇഎംജി മാത്രമാണ് താല്പര്യം അറിയിച്ചിരിക്കുന്നത്. അവസാന നിമിഷത്തേക്ക് താല്പര്യം മാറ്റിവച്ചിരിക്കുന്നവരായും ആരുമുള്ളതായി സൂചനകള്‍ ലഭിച്ചിട്ടില്ല.
ബൈജൂസിനെ പൂര്‍ണമായി ഏറ്റെടുക്കാനാണ് മണിപ്പാല്‍ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇതിനകം തന്നെ ബൈജൂസിന്റെ പല സംരംഭങ്ങളിലും ഇവര്‍ക്ക് ഓഹരി പങ്കാളിത്തമുള്ളതാണ്. ബൈജൂസിന്റെ ഉപകമ്പനിയായ ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസിന്റെ പ്രധാന ഓഹരിയുടമകളും മണിപ്പാല്‍ ഗ്രൂപ്പ് തന്നെ. ആകാശില്‍ ഇവരുടെ മൊത്തം ഓഹരി പങ്കാളിത്തം 58 ശതമാനമാണ്. തിങ്ക് ആന്‍ഡ് ലേണില്‍ ആകാശിന് 25 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ബൈജൂസിനെ ഏറ്റെടുക്കുക വഴി ആകാശിന്റെ എണ്പതു ശതമാനത്തിലധികം ഓഹരികളും മണിപ്പാല്‍ ഗ്രൂപ്പിന്റെയായി മാറും. ബൈജൂസിനെക്കാള്‍ വളര്‍ച്ചാ സാധ്യതയാണ് ആകാശിനു കല്പിക്കപ്പെടുന്നത്. ആകാശില്‍ മണിപ്പാല്‍ ഗ്രൂപ്പ് ഇന്‍വസ്റ്റ് ചെയ്തിരിക്കുന്നത് 1400 കോടി രൂപയാണ്.

