ഓര്‍ക്കാപ്പുറത്തൊരു വയറ്റാട്ടിപ്പണി, നിന്ന നില്‍പില്‍ താരമായി മുംബൈയിലെ യുവാവ്

മുംബൈ: വളരെ അസമയത്ത്, തീരെ അസൗകര്യമുള്ള സ്ഥലത്ത്, ഏറ്റവും ദുര്‍ഘടമായ അവസ്ഥയെ അഭിമുഖീകരിക്കേണ്ടി വന്നാല്‍ എങ്ങനെയായിരിക്കും ഒരാളുടെ പ്രതികരണം എന്നതു നോക്കി അവരുടെ ധീരതയെ വിലയിരുത്താമെങ്കില്‍ വികാസ് ബെന്ദ്രേ എന്ന യുവാവിന് നൂറില്‍ നൂറു മാര്‍ക്കും നല്‍കണം. ആര്‍ധരാത്രി കഴിഞ്ഞ് ഒരു മണിക്കൂര്‍ ആയിക്കാണണം. മുംബൈയിലെ ഒരു ലോക്കല്‍ ട്രെയിനില്‍ ഇയാള്‍ യാത്ര ചെയ്യുമ്പോഴാണ് ഒപ്പം അതേ കംപാര്‍ട്ട്‌മെന്റിലുണ്ടായിരുന്നൊരു യുവതിക്ക് പ്രസവ വേദന ആരംഭിക്കുന്നത്. എല്ലാവരും പകച്ചു നില്‍ക്കെ വികാസ് ജീവിതത്തില്‍ ഇന്നോളം ചെയ്യാത്തൊരു കര്‍മം, പ്രസവമെടുക്കുക എന്ന കര്‍മം, സ്വയം നിര്‍വഹിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുകയും ചെയ്യുന്നു.

മുംബൈയിലെ റാംമന്ദിര്‍ റെയില്‍വേ സ്റ്റേഷനു സമീപമായിരുന്നു സംഭവം. സ്ത്രീക്കു പ്രസവവേദന തുടങ്ങുകയും അവര്‍ നിലവിളിയോടെ സീറ്റിലേക്കു ചെരിയുകയും ചെയ്തതോടെ വികാസ് ചങ്ങല വലിച്ചു തീവണ്ടി നിര്‍ത്തി. അടുക്കാന്‍ പോലും ആര്‍ക്കും ധൈര്യമില്ല. തീവണ്ടിയില്‍ മെഡിക്കല്‍ പരിചയമുള്ള ആരുമില്ല. പ്രസവം അടുത്തതിനാല്‍ ആ സ്ത്രീ ഏതോ ആശുപത്രിയില്‍ പോയിരുന്നത്രേ. എന്നാല്‍ ആ സമയത്ത് ഇത്തരം എമര്‍ജന്‍സി കേസ് എടുക്കാനാവില്ലെന്നു പറഞ്ഞ് അവര്‍ തിരിച്ചയയ്ക്കുകയായിരുന്നു. അതോടെ അടുത്തൊരു ആശുപത്രിയില്‍ എത്തുന്നതിനായി നിറവയറുമായി അവര്‍ വന്ന് ലോക്കല്‍ ട്രെയിനില്‍ കയറുകയായിരുന്നു. അപ്പോഴാണ് പ്രസവ വേദന ആരംഭിക്കുന്നത്.

ആരോ ഒരാള്‍ ഒരു ലേഡി ഡോക്ടറെ വീഡിയോ കോളില്‍ കൊണ്ടുവന്ന് വികാസിനു കൊടുത്തു. ട്രെയിനിന്റെ ഷട്ടറുകള്‍ എല്ലാം അടച്ച് സ്വകാര്യത ഉറപ്പാക്കിയ ശേഷം ഡോക്ടര്‍ നിര്‍ദേശിച്ചതുപോലെയൊക്കെ വികാസ് ചെയ്തു. അവസാനം അമ്മയും കുഞ്ഞും രണ്ടായി. രണ്ടുപേരും ഓകേ. പ്രസവം നൂറുശതമാനം സുരക്ഷിതം.

പ്രസവം കഴിഞ്ഞതോടെ ആരോ ഫോണ്‍ ചെയ്ത ആംബുലന്‍സ് സ്ഥലത്തെത്തിച്ചേര്‍ന്നു. അവര്‍ അമ്മയെയും കുഞ്ഞിനെയും അതില്‍ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുപോകുകയും ചെയ്തു. അതോടെ അഭിനന്ദനങ്ങള്‍കൊണ്ട് വികാസിനെ പൊതിയുകയായിരുന്നു ട്രെയിനില്‍ യാത്ര ചെയ്തിരുന്നവരൊക്കെ.