കൊച്ചി: ഇന്നലെ മമ്മൂട്ടിയുടെ പിറന്നാളായിരുന്നു. എന്നാല്‍ പതിവില്ലാത്ത വിധം മമ്മൂട്ടി തന്റെ പിറന്നാളിനെ വ്യത്യസ്തമാക്കിയത് സ്വന്തം ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ടാണ്. കറുത്ത ലാന്‍ഡ് ക്രൂയിസര്‍ കാറില്‍ ചാരി കടലിലേക്കു നോക്കി നില്‍ക്കുന്നതാണ് ചിത്രം. സാധാരണ മുണ്ടും ഷര്‍ട്ടുമാണ് വേഷം. പടത്തിനൊപ്പം ഇങ്ങനെ എഴുതിയിരിക്കുന്നു. ‘എല്ലാവര്‍ക്കും നിറയെ സ്‌നേഹവും നന്ദിയും, പിന്നെ സര്‍വശക്തനും’. സിനിമ രംഗത്തെ ഒരുപിടിയാളുകള്‍ ഇതിനു താഴെ പിറന്നാള്‍ ആശംസകളുമായി എത്തിയിട്ടുണ്ട്. മറ്റു സാമൂഹ്യ മേഖലകളിലെ ആള്‍ക്കാരും ആശംസകള്‍ അറിയിച്ചിരിക്കുന്നു.
ചികിത്സയ്ക്കായി സിനിമയില്‍ നിന്ന് അവധിയെടുത്ത് ആറുമാസത്തോളമായി മമ്മൂട്ടി ചെന്നൈയിലായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ചികിത്സയ്ക്കു ശേഷം മടങ്ങിയെത്തുന്നത്. വീണ്ടും സിനിമയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണെന്നു പറയപ്പെടുന്നു. എന്തായാലും താരം ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
അതേസമയം കൊച്ചി എളംകുളത്തെ മമ്മൂട്ടിയുടെ വീടിനു മുന്നില്‍ ഫാന്‍സ് അസോസിയേഷന്‍കാര്‍ ശനിയാഴ്ച രാത്രി തന്നെ ആഘോഷം ആരംഭിച്ചിരുന്നു. അശംസകള്‍ പാടിയറിയിച്ചും മധുരം വിതരണം ചെയ്തുമൊക്കെയായിരുന്നു ഇവരുടെ ആഘോഷം. എന്നാല്‍ മമ്മൂട്ടി എറണാകുളത്തെ വീട്ടിലുണ്ടായിരുന്നില്ല.
പിറന്നാള്‍ ദിനത്തില്‍ നാടന്‍ ഗെറ്റപ്പില്‍ വ്യത്യസ്ത ചിത്രം ഫേസ്ബുക്കിലിട്ട് മെഗാസ്റ്റാര്‍
