സ്വന്തം കാറില്‍ സ്വയം ഡ്രൈവ് ചെയ്ത് എയര്‍പോര്‍ട്ടില്‍ മമ്മൂട്ടിയുടെ സ്‌റ്റൈലന്‍ എന്‍ട്രി

ചെന്നൈ: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏഴു മാസത്തോളം അഭിനയരംഗത്തു നിന്നും പൊതു ജീവിതത്തില്‍ നിന്നും മാറി നിന്ന് മമ്മൂട്ടി ഇതാ സ്റ്റൈലന്‍ എന്‍ട്രിയുമായി തിരികെയെത്തിയിരിക്കുന്നു. അടുത്ത ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഹൈദരാബാദിലേക്കു പോകുന്നതിന് സ്വയം കാര്‍ ഡ്രൈവ് ചെയ്ത് ചെന്നൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രം നിന്ന നില്‍പിലാണ് വൈറലായിരിക്കുന്നത്. അദ്ദേഹത്തിന്റെ തിരിച്ചുവരവ് ലോകം അത്രയേറെ കാത്തിരുന്നുവെന്നര്‍ഥം. ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയായ ആന്റോ ജോസഫും മമ്മൂട്ടിക്കൊപ്പം കാറിലുണ്ടായിരുന്നു. വളരെ സന്തോഷത്തോടെയാണ് മമ്മൂട്ടി കാറില്‍ നിന്നിറങ്ങുന്നതും എയര്‍പോര്‍ട്ടിലേക്ക് കയറിപ്പോകുന്നതും. വന്നിറങ്ങിയ ഉടന്‍ അവിടെയുണ്ടായിരുന്നവരൊക്കെ വെല്‍ക്കം ബാക്ക് എന്ന് ആര്‍ത്തുവിളിക്കുകയുമായിരുന്നു. എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയ്ക്കു മുമ്പായി തന്റെ മടങ്ങിവരവിനെക്കുറിച്ച് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ എഴുതിയിത് ഇങ്ങനെ. ‘ചെറിയൊരു ഇടവേളയ്ക്കു ശേഷം ജീവിതത്തില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം ഞാന്‍ ചെയ്യുന്നു. എന്റെ അഭാവത്തില്‍ എന്നെ തേടിയവര്‍ക്ക് നന്ദി പറയാന്‍ എനിക്ക് വാക്കുകളില്ല.’