പെരിഫോര്‍ഡ്: യു കെ യില്‍ നഴ്സിംഗ് രംഗത്തെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന വെല്‍ഷ് സര്‍ക്കാരിന്റെ സുവര്‍ണ മെഡല്‍ മലയാളി നഴ്‌സായ ഷൈനി സ്‌കറിയയ്ക്ക്. കൊല്ലം സ്വദേശിനിയാണ് ഷൈനി. യുകെയിലെത്തി ജോലിയില്‍ പ്രവേശിച്ചിട്ട് അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴാണ് ഈ നേട്ടത്തിന് അര്‍ഹയായത്. വെയില്‍സിലെ മലയാളി സമൂഹത്തിനു മുഴുവന്‍ അഭിമാനകരമായ നേട്ടമാണ് ഷൈനിയുടേത്. വെയില്‍സിലെ പ്രധാന പത്രങ്ങള്‍ എല്ലാം തന്നെ ഷൈനിയുടെ നേട്ടം ഒന്നാം പേജ് വാര്‍ത്തയാക്കിയാണ് പിന്തുണ അറിയിച്ചിരിക്കുന്നത്.
യുകെയില്‍ എത്തുന്നതിനു മുമ്പ് സൗദിയിലായിരുന്നു ഷൈനിയുടെ ജോലി. അവിടെ റിയാദ് നഗരത്തില്‍ നിന്നും വെയില്‍സിലെ ഒരു ഗ്രാമത്തിലേക്ക് ജീവിതം പറിച്ചു നടുകയും ആ തീരുമാനം വഴി പ്രായമായ വെയില്‍സിലെ ജനതയ്ക്ക് സേവനം ചെയ്യാന്‍ തയ്യാറായതും അവാര്‍ഡ് നിര്‍ണയത്തില്‍ ഷൈനിയുടെ പേര് മുന്നിലെത്താന്‍ കാരണമായി. സാധാരണ ചെറുപ്പക്കാര്‍ പട്ടണ പ്രദേശങ്ങളില്‍ ജോലി ചെയ്യാനും ജീവിക്കാനും തയ്യാറാകുമ്പോള്‍ വെയില്‍സിലെ പ്രാന്ത പ്രദേശത്ത് ജോലി ചെയ്യാന്‍ തയ്യാറായ ഷൈനിയുടെ തീരുമാനം അവാര്‍ഡ് കമ്മിറ്റി പ്രത്യേകം പരിഗണിച്ചു.
വെയില്‍സിലെ റെയ്ഡര്‍ എന്ന സ്ഥലത്ത് 64 ബെഡുള്ള വലിയൊരു കെയര്‍ ഹോമിലാണ് 36 കാരിയായ ഷൈനി ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് നഴ്സായി മികച്ച സേവനം നടത്തിയിട്ടുള്ള ഷൈനിക്ക് തികച്ചും അപരിചതമായ മേഖല ആയിട്ടും ബെസ്റ്റ് കെയര്‍ നഴ്സ് എന്ന അവാര്‍ഡിലേക്കുള്ള ദൂരം ഒട്ടും വലുതായിരുന്നില്ല. സൗദിയില്‍ നിന്നും 4000 മൈല്‍ സഞ്ചരിച്ചെത്തിയ ഷൈനിയുടെ ട്രാന്‍സ്ഫോര്‍മേഷന്‍ ഏതൊരു നഴ്‌സിനും മാതൃക ആയിരിക്കണം എന്നാണ് അവാര്‍ഡ് നിര്‍ണയ സമിതിയുടെ വിലയിരുത്തല്‍. കോവിഡ് കാലത്തെത്തിയ വിദേശ നഴ്സ് എന്ന നിലയില്‍ തുടക്ക സമയം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു എന്നിട്ടും ഷൈനി പുതിയ അന്തരീക്ഷവുമായി അതിവേഗം പൊരുത്തപ്പെട്ടെന്നും അവാര്‍ഡ് നിര്‍ണായ സമിതിക്ക് കണ്ടെത്താനായി.
ഹോം മാനേജര്‍ തന്നെയാണ് ഷൈനിയെ അവാര്‍ഡിനായി നോമിനേറ്റ് ചെയ്തത് എന്നതും പ്രത്യേകതയായി. ഷൈനിയുടെ പോസിറ്റീവ് സമീപനം കെയര്‍ ഹോമിന്റെ മൊത്തം പ്രവര്‍ത്തനത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായി എന്നാണ് മാനേജര്‍ സോഫി നല്‍കിയ നോമിനേഷനില്‍ വ്യക്തമാക്കിയിരുന്നത്. ഭര്‍ത്താവ് : ജേക്കബ് തരകന്‍. മക്കള്‍ : മന്ന, ഹന്ന.

