റായ്പൂര്‍: മലയാളി കന്യാസ്ത്രീകള്‍ക്ക് ജയില്‍ മോചനം ഇനിയുമകലെ. ജയില്‍ വാസം എട്ടു ദിവസം പൂര്‍ത്തിയാക്കുന്ന ഇന്നെങ്കിലും ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്താക്കിക്കൊണ്ട് ബിലാസ്പൂരിലെ എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷയുടെ വാദത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍പ്പുന്നയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ക്കില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ഉറപ്പാണ് ഇതോടെ പാഴായിരിക്കുന്നത്. അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ മാത്രമാണെന്നും ഈ സമയത്ത് ജാമ്യം അനുവദിച്ചാല്‍ കേസ് അന്വേഷണത്തെ അതു പ്രതികൂലമായി ബാധിക്കുമെന്നും ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദം ഉന്നയിച്ചതായാണ് അറിയുന്നത്. കേസില്‍ നാളെ വിധി പ്രസ്താവിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
അറസ്റ്റിലായ അസീസി സിസ്‌റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനീ സഭയിലെ സിസ്റ്റര്‍ വന്ദനയ്ക്കും സിസ്റ്റര്‍ പ്രീതിക്കും വേണ്ടി അഡ്വ. അമൃതോ ദാസ് എന്‍ഐഎ കോടതിയില്‍ ഹാജരായി. ഹൈക്കോടതിയില്‍ സിസ്‌റ്റേഴ്‌സ് കൊടുത്തിരിക്കുന്ന കേസിലും ഇദ്ദേഹം തന്നെയായിരിക്കും ഹാജരാകുക.
കന്യാസ്ത്രീമാരുടെ ജയില്‍ വാസം തുടരുന്നതിലും സംസ്ഥാന സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ത്തതിലും കടുത്ത വിമര്‍ശനമാണ് സീറോ മലബാര്‍ സഭയ്ക്കു വേണ്ടി തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ഉയര്‍ത്തിയത്. അതേ സമയം ജാമ്യാപേക്ഷയെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തത് ഇത്തരം സാഹചര്യങ്ങളിലെ സാങ്കേതികമായ നടപടിക്രമം മാത്രമാണെന്നും ഈ എതിര്‍പ്പ് ജാമ്യനടപടികളെ തടസപ്പെടുത്താനിടയില്ലെന്നുമുള്ള വാദത്തിലാണ് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍.മലയാളി കന്യാസ്ത്രീമാര്‍ക്ക് ജാമ്യം ലഭിച്ചില്ല; ജയിലില്‍ തുടരും

