മലയാളി ബാലികയ്ക്ക് അയര്‍ലന്‍ഡില്‍ ദുരനുഭവം

ഡബ്ലിന്‍: കേവലം ആറുവയസു മാത്രമുള്ള കോട്ടയം സ്വദേശിനിയായ ബാലികയ്ക്കു നേരെ നടന്ന വംശീയ ആക്രമണം അയര്‍ലന്‍ഡിലെ പ്രവാസ ലോകത്ത് ആശങ്ക പരത്തുന്നു. അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ക്കു നേരെയുള്ള വംശീയ അധിക്ഷേപങ്ങളിലും ആക്രമണങ്ങളിലും അവസാനത്തെ സംഭവമാണ് കഴിഞ്ഞ ദിവസം നടന്ന ഈ ആക്രമണം.
വാട്ടര്‍ ഫോര്‍ഡ് ഭാഗത്ത് ഒരു റെസിഡന്‍ഷ്യല്‍ എസ്‌റ്റേറ്റില്‍ സ്വന്തം വീടിന്‍െ മുന്നില്‍ കളിക്കുകയായിരുന്ന കുട്ടിക്കു നേരെയാണ് കൗമാരക്കാരായ തദ്ദേശീയരുടെ ആക്രമണമുണ്ടായത്. കോട്ടയം സ്വദേശികളായ നവീന്റെയും അനുപയുടെയും പുത്രിക്കാണ് ദുരനുഭവം. ഹെല്‍ത്ത് പ്രഫഷണലായി ജോലി നോക്കുകയാണ് നവീന്‍. സൈക്കിളില്‍ എത്തിയ കൗമാരക്കാര്‍ മലയാളിക്കുട്ടിയെ സൈക്കിള്‍ കൊണ്ട് ഇടിക്കുകയായിരുന്നു. അതിനൊപ്പം അസഭ്യവര്‍ഷം നടത്തുകയും ഇന്ത്യയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു. മലയാളി കുടുംബത്തിന്റെ അയല്‍വീടുകളില്‍ താമസിക്കുന്നവര്‍ തന്നെയായിരുന്നു കൗമാരക്കാരെല്ലാം. അമ്മയുടെ കണ്‍മുന്നില്‍ നടന്ന ആക്രമണത്തില്‍ ചകിതയായ കുട്ടി വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപെട്ടത്. ബാലികയ്ക്കു നേരെ നടന്ന ആക്രമണം അയര്‍ലന്‍ഡിലെ മാധ്യമങ്ങളിലും വലിയ തലക്കെട്ടോടെ പ്രത്യക്ഷപ്പെട്ടു.
ഈ വര്‍ഷം ജനുവരിയിലാണ് പെണ്‍കുട്ടിയും ഇളയ സഹോദരനും മാതാപിതാക്കളും അടങ്ങുന്ന കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറ്റുന്നത്. ഇവരുടെ ആശങ്ക അയര്‍ലന്‍ഡിലെ മലയാളി സമൂഹം ഒന്നടങ്കം ഏറ്റെടുത്തിട്ടുണ്ട്. വംശവെറിയുടെ കാഴ്ചപ്പാടുകള്‍ വച്ചു പുലര്‍ത്തുന്ന കൗമാരക്കാര്‍ക്ക് കൗണ്‍സലിംഗ് നല്‍കാന്‍ വൈകരുതെന്ന് അവര്‍ ആവശ്യപ്പെടുന്നു.