സിഡ്നി: മലയാളീപത്രത്തിന്റെ ആഭിമുഖ്യത്തില്‍ മ ഫെസ്റ്റ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. നവംബര്‍ 30ന് ഗോസ്ഫോര്‍ഡ് 123 ഡോണിസന് സ്ട്രീറ്റിലെ ലൈബ്രറി ഹാള്‍ മലയാളം പൂത്തുലയുന്ന സാഹിത്യോത്സവത്തിനു വേദിയാകുന്നു. നമ്മുടെ മഹോത്സവത്തിന് വിളംബരപത്രികയായ ഫ്ളയര്‍ ഇന്നലെ പുറത്തിറങ്ങി. സെന്‍ട്രല്‍ കോസ്റ്റ് കൗണ്‍സില്‍ മേയര്‍ ലാരി മക്കിന്ന സെന്‍ട്രല്‍ കോസ്റ്റ് കൗണ്‍സില്‍ ഹാളില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനു ചേര്‍ന്ന യോഗത്തിലാണ് ഫ്ളയറിന്റെ പ്രകാശന കര്‍മം നിര്‍വഹിച്ചത്.

ഇനി മ ഫെസ്റ്റിലേക്കുള്ള ദിനങ്ങളുടെ യാത്രയില്‍ നമുക്കും ഒപ്പം ചേരാം. നെല്‍പ്പാടങ്ങളില്‍ നിന്ന് മന്ത്രിമന്ദിരത്തിലെത്തിയ സംസ്ഥാന കൃഷി മന്ത്രി പി പ്രസാദും അനുഗൃഹീത എഴുത്തുകാരന് ബന്യാമിനും സംസ്ഥാന അവാര്‍ഡ് ജേതാവായ അഭിനേത്രിയും തീയറ്റര്‍ വിദഗ്ധയും അഭിനയരംഗത്തെ അധ്യാപികയുമായ സാജിത മഠത്തിലും മൗലികതയുള്ള പ്രഭാഷകയും അധ്യാപികയുമായ ദീപ നിശാന്തും നമ്മുടെ സ്വന്തം അക്ഷരോത്സവമായ മ ഫെസ്റ്റില്‍ പങ്കു ചേരാനെത്തുന്നുണ്ട്. മ ഫെസ്റ്റ് മലയാളീപത്രത്തിന്റെ മാത്രം ഉത്സവമല്ല, ഇതു മലയാളത്തിന്റെ ഉത്സവവും മലയാണ്മയുടെ ഉത്സവും കൂടിയാണ്. മകരത്തിലെ കുളിരു പോലെ മാമലനാടിന്റെ സ്മരണകള്‍ സൂക്ഷിക്കുന്ന നമുക്ക് പ്രവാസലോകത്തും നമ്മെ അകമേ കോര്‍ക്കുന്ന മലയാളത്തനിമയെ ആഘോഷിക്കാം. മ ഫെസ്റ്റിനെ മതിവരാത്ത അനുഭവമാക്കി മാറ്റാം.

