സിഡ്‌നി: പിറന്ന മണ്ണില്‍ നിന്നകലെ ജീവിതം തളിരണിയിക്കുന്ന പ്രവാസി മലയാളികള്‍ക്ക് ജന്മനാടെന്ന അനുഭവവും അപ്പപ്പോഴുള്ള വാര്‍ത്തകളും ഒരു വിരല്‍സ്പര്‍ശത്തിനുള്ളിലെത്തിക്കുന്ന മലയാളീപത്രത്തിന്റെ പുതുരൂപത്തിലുള്ള വെബ്പതിപ്പിന്റെ പ്രകാശനം തിരുവനന്തപുരത്തു നടന്നു. വൈവിധ്യമുള്ള ഉള്ളടക്കവും പുതുമ ചോരാത്ത വാര്‍ത്തകളും കൊണ്ട് മികവുറ്റതാക്കിയ മലയാളീപത്രം ഡിജിറ്റല്‍ രൂപത്തില്‍ ഇനി നമുക്കു സ്വന്തം.
ജൂണ്‍ 12ന് വൈകുന്നേരം നാലിന് തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റല്‍ ഹാളില്‍ ചേരുന്ന സ്വകാര്യ ചടങ്ങില്‍ സംസ്ഥാന നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ പരിഷ്‌കരിച്ച ഡിജിറ്റല്‍ പതിപ്പിന്റെ പ്രകാശനം നിര്‍വഹിച്ചു. മലയാളീപത്രം മാനേജിങ് എഡിറ്റര്‍ ഡോ. ബാബു ഫിലിപ്പ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പ്രത്യക ക്ഷണിതാക്കളായി മെട്രോ ഓസ്‌ട്രേലിയ മാനേജിങ് എഡിറ്റര്‍ കിരണ്‍ ജയിംസ്, ലിബര്‍ട്ടി ഗ്രൂപ്പ് ചെയര്‍മാന്‍ അസ്ലം ബഷീര്‍ ലിബര്‍ട്ടി തുടങ്ങിയ വിശിഷ്ടവ്യക്തികള്‍ പങ്കെടുത്തു.
എല്ലാ ദിവസവും കൃത്യമായ ഇടവേളകളില്‍ പല തവണ വാര്‍ത്തകളുടെ അപ്‌ഡേറ്റിങ് ഉറപ്പാക്കിയിരിക്കുന്നതിനാല്‍ ഓസ്‌ട്രേലിയയിലും കേരളത്തിലും ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും സംഭവിക്കുന്ന വാര്‍ത്തകള്‍ താമസംവിനാ വായനക്കാരിലെത്തിക്കാന്‍ മലയാളീപത്രത്തിനു സാധിക്കും. വാര്‍ത്താശേഖരണത്തിനും അവതരണത്തിനുമായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വാര്‍ത്തകള്‍ക്കു പുറമെ തുടക്കത്തില്‍ തന്നെ ഏഴു വാര്‍ത്തേതര ചാനലുകളും മലയാളീപത്രത്തിന്റെ സവിശേഷതയാണ്. ഭാവിയില്‍ വാര്‍ത്തേതര ചാനലുകളും എണ്ണം വര്‍ധിപ്പിക്കുന്നതിനും ആലോചനയുണ്ടെന്ന് മാനേജിംഗ് എഡിറ്റര്‍ ഡോ. ബാബു ഫിലിപ്പ് അറിയിച്ചു. പ്രവാസി മലയാളികളുടെ മറുനാടന്‍ ജീവിത പരിസരങ്ങളെ ജന്മനാടിന്റെ സ്പന്ദനങ്ങളുമായി കൂട്ടിയിണക്കുകയാണ് മലയാളീപത്രത്തിന്റെ ലക്ഷ്യം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വാഹനപ്രേമികള്‍ക്കും കാര്‍ഷിക തല്‍പരര്‍ക്കും സമ്പാദ്യശീലം വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുമെല്ലാം വേണ്ടിയുള്ള ചാനലുകള്‍ തുടക്കത്തില്‍ തന്നെയുണ്ടാകും. ഡോ. ബാബു ഫിലിപ്പ് അറിയിച്ചു.
ഒന്നര പതിറ്റാണ്ടു മുമ്പ് പ്രസിദ്ധീകരണം ആരംഭിച്ച മലയാളീപത്രം ഓസ്‌ട്രേലിയയിലെ, വിശേഷിച്ചും സിഡ്‌നിയിലെ മലയാളികളുടെ നിത്യജീവിതത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചു കഴിഞ്ഞിട്ടുള്ളതാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി നേതൃത്വത്തിലെ മാറ്റവും പുനര്‍രൂപകല്‍പനയും പുനരവതരണത്തിനുള്ള തയാറെടുപ്പുമായി സമഗ്രമായ മാറ്റത്തിനുള്ള ഒരുക്കത്തിലായിരുന്നു മലയാളീപത്രം. വിപുലമായ കൂടിയാലോചനകള്‍ക്കും സമൂഹത്തിന്റെ വ്യത്യസ്ത ശ്രേണിയിലുള്ള ആള്‍ക്കാര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ രൂപീകരണത്തിനും ശേഷമാണ് കെട്ടിലും മട്ടിലും പുതിയ രൂപത്തില്‍ മലയാളീ പത്രം പുറത്തിറക്കുന്നതെന്ന് ഡോ. ബാബു ഫിലിപ്പ് അറിയിച്ചു.