മുംബൈ: അല്‍ ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ യുവ സോഫ്‌റ്റ്വെയര്‍ എന്‍ജിനിയര്‍ പൂനെയില്‍ അറസ്റ്റിലായി. സുബൈര്‍ ഹംഗാര്‍ക്കര്‍ എന്ന യുവാവിനെയാണ് പുനെയിലെ കൊന്ധ്വ എന്ന സ്ഥലത്തു നിന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന അറസ്റ്റു ചെയ്തിരിക്കുന്നത്. യുവാക്കളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിച്ചു എന്നതാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. കോടതിയില്‍ ഹാജരാക്കിയ സുബൈറിനെ നവംബര്‍ നാലുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും മഹാരാഷ്ട്രയിലെ മറ്റു സ്ഥലങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തതിലും ഇയാള്‍ക്കു പങ്കുണ്ടെന്നാണ് പോലീസിന്റെ ആരോപണം. പ്രതിയുടെ പക്കല്‍ നിന്ന് യുവാക്കളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കുന്നതിനു വേണ്ട തയാറാക്കിയ നിരവധി രേഖകളും വസ്തുക്കളും കണ്ടെടുത്തതായും പോലീസ് അറിയിച്ചു.
ഒക്ടോബര്‍ 27ന് പൂനെ റെയില്‍ സ്റ്റേഷനില്‍ വച്ച് ചെന്നൈ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന നാലുപേരെയും തീവ്രവാദ ബന്ധത്തിന്റെ പേരില്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഒക്ടോബര്‍ ഒമ്പതിന് വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റു രേഖകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

