ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വൃത്തിഹീനമായ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് വരുന്നത് കേരളത്തിന്റെ തൊട്ടയലത്തെ തമിഴ്നാട്ടിലുള്ള മധുരയമാണ്. വൃത്തിയുടെ വിവിധ സൂചകങ്ങളെ ഉപയോഗിച്ച് നഗരത്തിന് റേറ്റിങ്ങും നടത്തിയിട്ടുണ്ട്. മധുരയ്ക്ക് കിട്ടിയിരിക്കുന്നത് 4823 പോയിന്റുകള്‍ മാത്രമാണ്. ആദ്യ പത്തില്‍ മറ്റു രണ്ട് തെക്കേ ഇന്ത്യന്‍ നഗരങ്ങള്‍ കൂടിയുണ്ട്. മധുര ഒന്നാമതാണെങ്കില്‍ മൂന്നാം സ്ഥാനത്ത് തമിഴ്നാട്ടിലെ തന്നെ ചെന്നൈയാണ് വരുന്നത്. അഞ്ചാം സ്ഥാനത്ത് കര്‍ണാടക തലസ്ഥാനമായ ബംഗളൂരു വരുന്നു.
സ്വച്ഛ് സര്‍വേക്ഷന്‍ 2025 എന്ന പേരില്‍ കേന്ദ്ര ഗവണ്മെന്റ് സ്ഥാപനം പുറത്തിറക്കിയിരിക്കുന്ന റിപ്പോര്‍ട്ടിലാണ് നഗരങ്ങളുടെ അവലോകനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാലിന്യ സംസ്കരണം, പൊതു ശുചിത്വം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. പട്ടികയില്‍ പത്താം സ്ഥാനത്ത് വരുന്നത് രാജ്യ തലസ്ഥാനമായ ഡല്‍ഹിയാണ്. ഗ്രേറ്റര്‍ മുംബൈ എട്ടാം സ്ഥാനത്തും വരുന്നു.
അവസാന പത്തു സ്ഥാനത്തു വരുന്ന നഗരങ്ങള്‍ അവയുടെ സ്ഥാനത്തിന്റെ ക്രമത്തില്‍: മധുര, ലുധിയാന, ചെന്നൈ, റാഞ്ചി, ബംഗളൂരു, ധന്‍ബാദ്, ഫരീദാബാദ്, ഗ്രേറ്റര്‍ മുംബൈ, ശ്രീനഗര്‍, ഡല്‍ഹി എന്നീ ക്രമത്തിലാണ് നഗരങ്ങളുടെ സ്ഥാനം.

