നരേന്ദ്രമോദിയുടെ പിറന്നാള്‍ നിറത്തില്‍ വേറിട്ട സമ്മാനമായി ബയോപിക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തഞ്ചാം ജന്മദിനത്തില്‍ മറ്റൊരു സ്വീറ്റ് സര്‍പ്രൈസുമായി സിനിമലോകം. മോദിയുടെ ജീവിതകഥ സിനിമരൂപത്തില്‍ പുറത്തിറക്കാനുള്ള തീരുമാനമാണ് സില്‍വര്‍ കാസ്റ്റ് ക്രിയേന്‍ഷന്‍സ് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ചിത്രത്തില്‍ മലയാളത്തിനുമുണ്ട് സന്തോഷിക്കാനൊരു കാരണം. ഇതില്‍ മോദിയായി വേഷമിടുന്നത് മലയാളിതാരമായ ഉണ്ണി മുകുന്ദനാണ്. പാന്‍ ഇന്ത്യന്‍ റിലീസ് ഉദ്ദേശിക്കുന്ന ഈ ബയോപിക്കിന് ഇംഗ്ലീഷ് വേര്‍ഷനുമുണ്ടാകും. ചിത്രത്തിന്റെ പേര് മാ വന്ദേ. ചിത്രത്തിന്റെ രചനയും സംവിധാനവും സി എച്ച് ക്രാന്തികുമാര്‍.
യഥാര്‍ഥ സംഭവങ്ങളെ തന്നെ ആസ്പദമാക്കിയാണ് സിനിമയുടെ കഥ രചിച്ചിരിക്കുന്നത്.
കുട്ടിയായിരിക്കുന്ന മോദി മുതല്‍ പ്രധാനമന്ത്രിയായ മോദി വരെയുള്ള സംഭവബഹുലമായ ജീവിതം അങ്ങനെ തന്നെ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നാണറിയുന്നത്. മോദിയുടെ ജീവിതം വളരുന്ന തലമുറയ്ക്ക് പ്രചോദനമായി മാറട്ടെയെന്ന ഉദ്ദേശ്യത്തിലാണ് ഇങ്ങനെയൊരു ചിത്രം നിര്‍മിക്കുന്നതെന്ന് സില്‍വര്‍കാസ്റ്റ് ക്രിയേഷന്‍സ് അറിയിക്കുന്നത്. അമ്മ ഹീരാബെന്നുമായി മോദിക്കുള്ള ആഴത്തിലുള്ള അടുപ്പവും ഈ സിനിമയില്‍ കാണിക്കുന്നുണ്ട്. ഏറ്റവും ആധുനികമായ വിഎഫ്എക്‌സ്, ഉന്നത നിലവാരം പുലര്‍ത്തുന്ന സാങ്കേതിക വിഭാഗം എന്നിവയൊക്കെ ഈ ചിത്രത്തെ വേറിട്ടൊരു അനുഭവമാക്കും എന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. മോദിയുടെ പിറന്നാള്‍ ദിനത്തില്‍ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.