നിന്ന നില്‍പില്‍ ലൂന പാര്‍ക്ക് ഒഴിപ്പിച്ചു, എന്തിനു വേണ്ടി, ആര്‍ക്കറിയാം

സിഡ്‌നി: പുറമെ വെളിപ്പെടുത്താത്ത എന്തോ കാര്യത്തിന്റെ പേരില്‍ നിന്ന നില്‍പില്‍ ഇന്നലെ സിഡ്‌നിയിലെ ലൂന പാര്‍ക്കില്‍ നിന്നു മുഴുവന്‍ മനുഷ്യരെയും ഒഴിപ്പിച്ചത് പരിഭ്രാന്തി പരത്തി. വളരെ ഗുരുതരമായ എന്തോ പ്രശ്‌നത്തിന്റെ പേരിലായിരുന്നു സന്ദര്‍ശകരെയും ജീവനക്കാരെയും എല്ലാം ഒന്നൊഴിയാതെ ഒഴിപ്പിച്ചതെന്നു പറയപ്പെടുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു എല്ലാവരെയും ആശങ്കയിലാക്കിയ നടപടി.
മില്‍സണ്‍ പോയിന്റിലെ ലൂന പാര്‍ക്കിനു സമീപം പോലീസ് വാഹനങ്ങള്‍ കുതിച്ചെത്തി നില്‍ക്കുകയും എല്ലാവരോടും പുറത്തേക്കിറങ്ങാന്‍ ആവശ്യപ്പെടുകയുമാണുണ്ടായത്. നൂറു കണക്കിനാള്‍ക്കാരാണ് അപ്പോള്‍ അകത്തുണ്ടായിരുന്നത്. നിമിഷങ്ങള്‍ക്കകം പോലീസ് സ്ഥലം മുഴുവനായി ഏറ്റെടുത്തു. വളരെ ഗുരുതര സ്വഭാവമുള്ള എന്തോ പ്രശ്‌നത്തിന്റെ പേരില്‍ മുന്‍കരുതല്‍ നടപടിയെടുക്കുകയാണെന്നു മാത്രമാണ് പോലീസ് വെളിപ്പെടുത്തിയത്. ചോദ്യങ്ങളുമായി പോലീസിനെ സമീപിച്ചവര്‍ക്ക് നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചത്. ഇതില്‍ കൂടുതലൊ്ന്നും ആരോടും പറയാനാവില്ലെന്ന മറുപടി കേട്ട് ജനം അന്തിച്ചു നിന്നു.
ആശങ്കയിലായ ജനങ്ങള്‍ ഉടന്‍ തന്നെ തീം പാര്‍ക്കിന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഇതു സംബന്ധിച്ച് എന്തെങ്കിലും വിവരമുണ്ടോയെന്നു തിരഞ്ഞെങ്കിലും അവിടെയും ഒരു വിവരവുമില്ലായിരുന്നു. അകത്തും പരിസരത്തുമായി പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ പോലും എടുക്കാന്‍ ആരെയും അനുവദിക്കാതെയായിരുന്നു പോലീസ് നടപടി. പാര്‍ക്കിനുള്ളിലെ പോലീസിന്റെ സാന്നിധ്യം വൈകുന്നേരം അഞ്ചു വരെ തുടര്‍ന്നു. അതിനു ശേഷമാണ് ഒരാളെയെങ്കിലും അകത്തേക്കു പ്രവേശിപ്പിച്ചത്.