അഹമ്മദാബാദ്: അഹമ്മദാബാദിലെയും പരിസരപ്രദേശങ്ങളിലെയും ഭൂമി വിലയുടെ കാര്യത്തില്‍ ചരിത്രമെഴുതി ലുലു ഗ്രൂപ്പ് ഗാന്ധിനഗറില്‍ 16.35 ഏക്കര്‍ ഭൂമി സ്വന്തമാക്കി. 519.41 കോടി രൂപയ്ക്കാണ് ഇത്രയും ഭൂമി വാങ്ങിയിരിക്കുന്നത്. ഇതിലൂടെ ഗവണ്മെന്റിനു ലഭിച്ച മുദ്രപ്പത്ര വിലയും റെക്കോഡാണ്-31 കോടി രൂപ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പാര്‍ലമെന്റ് മണ്ഡലമായ ഗാന്ധിനഗറിനു സമീപം ചന്ദ്ഖേഡയിലാണ് ലുലു ഗ്രൂപ്പ് സ്വന്തമാക്കിയ ഭൂമി സ്ഥിതിചെയ്യുന്നത്.
സബര്‍മതി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു ആധാരം. ഇടപാട് തുകയുടെയും സ്റ്റാമ്പ് ഡ്യൂട്ടിയുടെയും കാര്യത്തില്‍ അഹമ്മദാബാദ് നഗരത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള ഇടപാടാണ് ഇത്. 300 കോടിയുടെയും 400 കോടിയുടെയുമൊക്കെ വസ്തു ഇടപാടുകള്‍ അഹമ്മദാബാദില്‍ നടന്നിട്ടുണ്ടെങ്കിലും അഞ്ഞൂറു കോടിക്കു മുകളിലുള്ള ഇടപാട് ആദ്യമായാണ് നടക്കുന്നതെന്ന് അധികൃതര്‍ വെളിപ്പെടുത്തി. അങ്ങനെ മാസായി അഹമ്മദാബാദില്‍ കാലുകുത്തിയിരിക്കുകയാണ് മലയാളിയായ യൂസഫ് അലിയുടെ ലുലു ഗ്രൂപ്പ്.

