ആലപ്പുഴ: ലവ് ഇന്‍ ദി ടൈം ഓഫ് കോളറ എന്ന മാര്‍കേസിന്റെ വിഖ്യാത നോവലിന്റെ പേര് അല്‍പമൊന്നു മാറ്റിയാല്‍ വിനായകമൂര്‍ത്തിയുടെയും യൂലിയയുടെയും പ്രണയത്തിനു പറ്റിയ അടിക്കുറിപ്പാകും. ഇവരുടേത് ലവ് ഇന്‍ ദി ടൈം ഓഫ് വാര്‍ ആണ്. ഒരു വശത്ത് പ്രണയം കത്തി നില്‍ക്കുമ്പോള്‍ മറുവശത്ത് ബോംബറുകള്‍ പറക്കുകയായിരുന്നു. ഒടുവില്‍ യുക്രെയ്ന്‍ സ്വദേശിനിയായ യൂലിയ ക്ലിചുവും ചേര്‍ത്തല എസ് എന്‍ പുരം മംഗലശേരി വീട്ടില്‍ വിനായകമൂര്‍ത്തിയും കഴിഞ്ഞ ദിവസം ചേര്‍ത്തല കവളംകോടം ശക്തീശ്വര ക്ഷേത്രത്തില്‍ വിവാഹിതരായം. യുക്രെയ്‌നില്‍ യുദ്ധത്തിന്റെ കെടുതികള്‍ ഏറ്റവും അനുഭവിച്ച കീവ് സ്വദേശിനിയാണ് യൂലിയ. നാലുവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് മൂര്‍ത്തി യൂലിയയ്ക്കു താലി ചാര്‍ത്തുന്നത്.
ഇംഗ്ലീഷ് അധ്യാപകനായ മൂര്‍ത്തി ഒരു ഓണ്‍ലൈന്‍ ക്ലാസില്‍ പരിചയപ്പെട്ട യൂലിയയെ രാജ്യത്തിന്റെ അതിര്‍ത്തികള്‍ മറന്ന് പ്രണയിക്കുകയായിരുന്നു. വൈകാതെ മൂര്‍ത്തിയും യുക്രെയ്‌നിലെത്തുന്നു. അവിടെയൊരു സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുന്നു. അതേ സമയത്തു തന്നെയാണ് റഷ്യ യുക്രെയ്‌നെ ആക്രമിക്കുന്നതും. പലായനം ചെയ്ത കുടുംബങ്ങള്‍ക്കൊപ്പം മൂര്‍ത്തിയും യൂലിയയും അവരുടെ അനുജത്തിയും അമ്മയുമൊക്കെയുണ്ടായിരുന്നു. കീവിലെ ആണവനിലയം റഷ്യ തകര്‍ത്തേക്കുമെന്ന വാര്‍ത്ത പരന്നതോടെയായിരുന്നു കൂട്ടമായുള്ള നാടുവിടല്‍. നിയമപ്രശ്‌നങ്ങള്‍ കാരണം യൂലിയയും കുടുംബവും പോളണ്ടിലേക്കു പോയപ്പോള്‍ മൂര്‍ത്തിക്കു റുമാനിയയിലേക്ക് യാത്രയുടെ റൂട്ട് മാറ്റേണ്ടി വന്നു. പിന്നീട് പോളണ്ടില്‍ നിന്ന് യൂലിയ ജര്‍മനിയിലെത്തി അവിടെ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. മൂര്‍ത്തി റുമാനിയയില്‍ നിന്നു നാട്ടിലേക്കും മടങ്ങി.
ഇങ്ങനെ പെണ്‍കിളി അക്കരെയും ആണ്‍കിളി ഇക്കരെയുമായി ഇരിക്കുമ്പോഴാണ് മൂര്‍ത്തിക്ക് ഉസ്ബക്കിസ്ഥാനില്‍ അധ്യാപകനായി ജോലി ലഭിക്കുന്നത്. അതോടെ വിവാഹം കഴിക്കാമെന്ന അവസ്ഥയായി. 2024ല്‍ വിവാഹം നിശ്ചയിച്ചെങ്കിലും തടസങ്ങള്‍ ഒഴിഞ്ഞില്ല. നിയമപ്രശ്‌നങ്ങളാണ് ഇപ്പോഴും തടസമായി നിന്നത്. എല്ലാ തടസവും നീങ്ങി കഴിഞ്ഞ ദിവസം വിവാഹവും നടന്നു. ഇനി യൂലിയ ജര്‍മനിയിലെ ജോലിസ്ഥലത്തേക്കും മൂര്‍ത്തി ഉസ്ബക്കിസ്ഥാനിലെ ജോലി സ്ഥലത്തേക്കും നീങ്ങുകയാണ്. ഇനിയുള്ള കടമ്പ രണ്ടാളും ഒരിടത്തു തന്നെയെത്തുന്നതാണ്. അതിലും ഇരുവര്‍ക്കും പ്രതീക്ഷയാണുള്ളത്.
ചേര്‍ത്തല എസ് എന്‍ കോളജ് അധ്യാപകനായിരുന്ന കൃഷ്ണമൂര്‍ത്തിയുടെയും കണിച്ചുകുളങ്ങര വിഎന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി അധ്യാപിക ദിയാസിന്റെയും മകനാണ് വിനായക മൂര്‍ത്തി.
വെടിയൊച്ചകളും ബോംബറുകളും താളമിട്ട നാളുകളില്‍ മൊട്ടിട്ടു വളര്‍ന്നതാണീ പ്രണയം
