ലണ്ടന്‍: മാന്യമായി വന്നിരുന്ന് ഭക്ഷണം കഴിക്കുകയും അതിനു ശേഷം പണം കൊടുക്കാതെ കണ്ണുവെട്ടിച്ച് മുങ്ങുകയും ചെയ്യുന്നവരെക്കുറിച്ച് ധാരാളം കേട്ടിട്ടുള്ളവര്‍ ഓര്‍ക്കുക, ഇത് ലോകം മുഴുവനുമുള്ള ഇടപാട് തന്നെയാണ്. യുകെയില്‍ ഇന്ത്യന്‍ റസ്റ്റോറന്റ് നടത്തുന്ന രമണ്‍ കൗറും നരീന്ദര്‍ അത്വയും കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്ക് വച്ചൊരു കുറിപ്പ് ഇത്തരം പരിപാടിയെക്കുറിച്ചുള്ളതാണ്. പക്ഷേ, തക്കം നോക്കി മുങ്ങുകയല്ല ഇവര്‍ ചെയ്തത്, സോറി പറഞ്ഞ് മുങ്ങുകയായിരുന്നെന്നു മാത്രം. ഓഗസ്റ്റ് മുപ്പതിനാണു സംഭവം നടക്കുന്നത്.
നാലു മുതിര്‍ന്നവരും നാലു കുട്ടികളുമായി രണ്ടു കുടുംബങ്ങള്‍ എന്നു തോന്നുന്നവരാണ് ഭക്ഷണം കഴിക്കാനെത്തിയത്. ബട്ടര്‍ നാനും ആട് ചോപ്സുമൊക്കെയായി കുശാലായി ഭക്ഷണം കഴിക്കുകയും ചെയ്തു. കഴിക്കു്ന്നിതിനിടയ്ക്ക് ഭക്ഷണത്തിന്റെ രുചിയെയും മറ്റും പ്രശംസിക്കാനും മറന്നില്ല. എന്നാല്‍ ബില്ലടയ്ക്കേണ്ട സമയമെത്തിയപ്പോള്‍ ചെറിയൊരു പതര്‍ച്ച പോലെ. സൈ്വപ്പിങ് മെഷീനില്‍ ഓരോരോ കാര്‍ഡായി പരീക്ഷിക്കാന്‍ തുടങ്ങി. പുറത്തെവിടേക്കോ വിളിച്ച് സാമ്പത്തിക കാര്യം സംസാരിക്കുകയും ചെയ്തു. ഫോണ്‍ വിളിച്ചതല്ലാതെ പണം വന്നതേയില്ല. അടുത്ത പടിയായി അവര്‍ ക്ഷമാപണവുമായി കൗണ്ടറിലെത്തി. ചില പ്രശ്നങ്ങള്‍ കാരണം പണമടയ്ക്കാന്‍ സാധിക്കാതെ വന്നിരിക്കുകയാണെന്നും അടുത്ത ദിവസം തന്നെ വന്ന് പണമടച്ചുകൊള്ളാമെന്ന് ഉറപ്പു പറയുകയും ചെയ്തു. എന്തെങ്കിലും തിരിച്ചറിയല്‍ രേഖ ചോദിച്ചപ്പോള്‍ വീണ്ടും കൈമലര്‍ത്തി. ഇന്ത്യന്‍ ഭക്ഷണം കഴിച്ചതു കൊണ്ടും മാന്യമായ ഇടപെടലായിരുന്നതു കൊണ്ടും ഇവരെ പണം തരാതെ പോകാന്‍ അനുവദിക്കുകയും ചെയ്തെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. അതിനു മുമ്പ് ഇവരുടെ പേരും ഫോണ്‍ നമ്പരുമൊക്കെ വാങ്ങിവച്ചു.
ഇവര്‍ കഴിച്ച ഭക്ഷണത്തിന്റെ ബില്ല് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ 23000 രൂപയെത്തും. തരക്കേടില്ലാത്ത വിശപ്പായിരുന്നുവെന്ന് ഊഹിക്കാം. എന്നാല്‍ ഇവര്‍ ഇറങ്ങിയതിന്റെ പിറ്റേന്ന് ഈ നമ്പരിലേക്കു വിളിച്ചിട്ട് അനക്കമൊന്നുമില്ല. അറ്റകൈ എന്ന നിലയിലാണ് ഇവര്‍ സ്വന്തം അനുഭവം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കാശില്ലാതെ കഴിക്കുക, കടം പറഞ്ഞ് ഇറങ്ങുക, മുങ്ങുക ഈ കഥയ്ക്കൊരു ബ്രിട്ടീഷ് വേര്‍ഷന്‍
