ലണ്ടന്‍: നിങ്ങള്‍ ലണ്ടനിലായിരിക്കുകയും ജോലിക്കിടയില്‍ സ്വന്തം സഹപ്രവര്‍ത്തകരെയോ ജീവനക്കാരെയോ കണ്ണുരുട്ടി നോക്കുകയും ചെയ്യുന്നുവെങ്കില്‍ ഇന്ത്യന്‍ വംശജയായ ഡന്റിസ്റ്റ് ജിസ്‌ന ഇഖ്ബാലിന്റെ അനുഭവം ഒരു പാഠമാക്കിക്കോളൂ. ജിസ്‌നയ്ക്ക് ലണ്ടനിലെ തൊഴില്‍ തര്‍ക്ക ട്രൈബ്യൂണല്‍ മുപ്പതു ലക്ഷം രൂപ ശിക്ഷ വിധിക്കാന്‍ തക്കതായി ചെയ്ത കുറ്റമെന്തെന്നോ, സഹപ്രവര്‍ത്തകയെ കണ്ണുരുട്ടി നോക്കുകയും കുറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തു. ഡോ. ജിസ്‌ന ജോലി ചെയ്യുന്ന ക്ലിനിക്കിലെ നഴ്‌സായ മോറിന്‍ ഹോവിസാണ് പരാതിയുമായി ട്രൈബ്യൂണലിലെത്തിയത്. കേസ് കേട്ട കോടതി പരാതി ശരിവയ്ക്കുകയും ശിക്ഷ വിധിക്കുകയും ചെയ്തു, നഷ്ടപരിഹാരമായി 25,254 പൗണ്ട് ഹോവിസിന് ഡോക്ടര്‍ നല്‍കണം. ഈ തുക ഇന്ത്യന്‍ രൂപയിലേക്കു വരുമ്പോള്‍ ഏകദേശം മുപ്പതുലക്ഷം രൂപയോളം വരും.
ലണ്ടനിലെ എഡിന്‍ബറോ ഗ്രേറ്റ് ജംഗ്ഷന്‍ ഡെന്റല്‍ ക്ലിനിക്കിലെ തൊഴില്‍ തര്‍ക്കമാണ് കോടതി കയറിയത്. മോറിന്‍ ഹോവിസ് വളരെ സീനിയര്‍ നഴ്‌സാണ്, നാല്‍പതു വര്‍ഷത്തിലേറെ സര്‍വീസുണ്ട്. ജിസ്‌നയാകട്ടെ വളരെ ജൂണിയറും. ഇന്ത്യയില്‍ ദന്ത ഡോക്ടറായി പ്രാക്ടീസ് ചെയ്തിരുന്നുവെങ്കിലും പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യതാപരീക്ഷ കഴിയാത്തതിനാല്‍ ഡെന്റല്‍ തെറപ്പിസ്റ്റായി ജോലി നോക്കുകയായിരുന്നു. ജിസ്‌ന ജോലി സ്ഥലത്തു വച്ച് നിരന്തരം അനാദരവ് കാണിക്കുകയും തുറിച്ചു നോക്കുകയും കണ്ണുരുട്ടുകയും ചെയ്തുവെന്നാണ് ഹോവിസിന്റെ പരാതി.
ഹോവിസും ജിസ്‌നയും തമ്മിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച രേഖകളും തെളിവുകളും ട്രൈബ്യൂണലില്‍ ഹാജരാക്കിയിരുന്നു. ആരോപണങ്ങള്‍ ജിസ്‌ന നിഷേധിച്ചെങ്കിലും ഹോവിസ് ഭീഷണിക്കും ഒറ്റപ്പെടുത്തലുകള്‍ക്കും വിധേയയായതായി കോടതി കണ്ടെത്തി. ജോലി സ്ഥലത്തെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏതും ഭീഷണിയുടെ സ്വഭാവമുള്ളതാണെന്നു ശിക്ഷയ്ക്ക് അര്‍ഹയാണെന്നും കണ്ടെത്തി നഷ്ടപരിഹാരം വിധിക്കുകയായിരുന്നു. ഇനിയും ഇത്തരം സംഭവമുണ്ടായാല്‍ തൊഴിലുടമ കൂടി ഉത്തരവാദിയായിരിക്കുമെന്ന താക്കീതും കോടതി നല്‍കി.
ഇങ്ങനെയും കണ്ണുരുട്ടാമോ ഡോക്ടറെ, ഒരു ലണ്ടന്‍ കണ്ണുരട്ടല്‍ അഥവാ ഭീഷണിക്കേസ്
