കൊച്ചി: ഒരു പഴയ പരസ്യ വാചകത്തില്‍ പറയുന്നതു പോലെ സ്വര്‍ണം വീട്ടില്‍ വച്ചിട്ടെന്തിനു നാട്ടില്‍ പണം തേടി നടക്കണം എന്ന ചിന്തയിലേക്ക് ജനങ്ങള്‍ മാറുന്നുവെന്നാണ് സമീപ കാലത്തെ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്. സ്വര്‍ണത്തിന്റെ വില അനുദിനമെന്നോണം കൂടിക്കൊണ്ടിരിക്കുന്നതിനാലാണ് ജനങ്ങളുടെ സമീപനത്തിലും ബാങ്കുകാരുടെ മാര്‍ക്കറ്റിങ് രീതിയിലും മാറ്റം വന്നിരിക്കുന്നത്.
ഒരു പവന്‍ സ്വര്‍ണം പണയം വച്ചാല്‍ അറുപതിനായിരം രൂപയുടെ മേല്‍ വായ്പ എതു ദേശസാല്‍കൃത ബാങ്കില്‍ നിന്നു പോലും ലഭിക്കും. അല്ലാത്തിടത്താണെങ്കില്‍ തുക ഉയരാനും വഴിയുണ്ട്. അറുപതിനായിരം രൂപ വ്യക്തിഗത വായ്പയായി എടുക്കണമെങ്കില്‍ പതിനാലു ശതമാനം പലിശ കൊടുക്കണമെങ്കില്‍ സ്വര്‍ണപ്പണയമാണെങ്കില്‍ നാലു ശതമാനം മുതല്‍ ഒമ്പതു ശതമാനം വരെയുള്ള പലിശയേ വരൂ. ഉപഭോക്താക്കളുടെ ചിന്ത ഈ വഴിക്കു പോകുമ്പോള്‍ ബാങ്കുകളെ സംബന്ധിച്ചും സ്വര്‍ണപ്പണയം എടുക്കുന്നതാണ് ഏറ്റവും സൗകര്യം. ഒന്നാമത്തെ കാര്യം പണം തിരിച്ചുകിട്ടുമെന്നതിലുള്ള ഉറപ്പാണ്. ഒരു പവന് മാര്‍ക്കറ്റില്‍ എണ്‍പതിനായിരം രൂപ വരെ വിലയുള്ളപ്പോള്‍ അതുവാങ്ങി കടം കൊടുത്തിരിക്കുന്നത് അറുപതിനായിരം രൂപ മാത്രമാണ്. അതായത് ഉറപ്പുള്ള ഈട് കൈയിലുണ്ടെന്നര്‍ഥം. റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന പ്രൈം സെക്ടര്‍ ലെന്‍ഡിങ് അഥവാ കാര്‍ഷിക മേഖലയ്ക്കുള്ള വായ്പയായി ഇതില്‍ നല്ലൊരു പങ്ക് മാറ്റാനും സാധിക്കും. ഒരു വെടിക്കു രണ്ടു പക്ഷി എന്നതാണ് ബാങ്കുകള്‍ സ്വര്‍ണം കൊണ്ടുവന്നോളൂ, ആവശ്യത്തിനു പണം തരാമല്ലോയെന്നു പറയുന്നതിനുള്ള കാരണം.
ഇക്കൊല്ലം ഇതുവരെ സ്വര്‍ണത്തിന്റെ വിലയില്‍ നാല്‍പത്തഞ്ചു ശതമാനത്തോളമാണ് വര്‍ധന വന്നിരിക്കുന്നത്. ജനുവരി ഒന്നിന് കേരളത്തില്‍ പവന്‍ വില 57200 രൂപയായിരുന്നെങ്കില്‍ ഇന്നലെ പവന്‍ വില 82000 രൂപ പിന്നിട്ടിരിക്കുന്നു. വില ഉയരുന്നതനുസരിച്ച് ഉപഭോക്താവിനു കൂടുതല്‍ വായ്പ നേടാന്‍ സാധിക്കും, ബാങ്കിന് കൂടുതല്‍ പണം കൊടുത്ത് ടാര്‍ഗറ്റ് മുട്ടിക്കാനും സാധിക്കും. കേരളത്തില്‍ ഇക്കാലയളവില്‍ വിവിധയിനങ്ങളിലുള്ള ബാങ്കുകളുടെ വായ്പയുടെ കണക്കുകള്‍ നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകും. സ്വര്‍ണപ്പണയ വായ്പകളുടെ കാര്യത്തില്‍ 122 ശതമാനം വര്‍ധന വന്ന് 2.94 ലക്ഷം കോടിയായി മാറിയപ്പോള്‍ രണ്ടാം സ്ഥാനത്തു വരുന്നതും ഇതുവരെ ഏറ്റവും പ്രിയപ്പെട്ടതുമായിരുന്ന മൈക്രോഫിനാന്‍സ് വായ്പയില്‍ വന്നിരിക്കുന്നത് വെറും 16.5 ശതമാനത്തിന്റെ വര്‍ധന മാത്രമാണ്.
സ്വര്‍ണത്തിന് അടിക്കടി വില കയറുമ്പോള്‍ വായ്പാ മേഖലയില്‍ പുതിയ ട്രെന്‍ഡിന് പിറവി. ബാങ്കിനും വായ്പക്കാരനും ഒരു പോലെ മെച്ചം

