മദ്യം ഓണ്‍ലൈനിലെത്തും അധികം വൈകാതെ

തിരുനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണം ഓണ്‍ലൈനില്‍ കൂടി അനുവദിക്കുന്നതിനുള്ള നയപരമായ തീരുമാനം എടുപ്പിക്കുന്നതിനായി ബിവറേജസ് കോര്‍പ്പറേഷന്‍ സമ്മര്‍ദം ശക്തമാക്കുന്നു. അനുമതി ലഭിക്കുമെന്ന ഉറപ്പിലാകണം ഇതിനായുള്ള മൊബൈല്‍ ആപ്പിന്റെ നിര്‍മാണം കോര്‍പ്പറേഷന്‍ ആരംഭിച്ചു കഴിഞ്ഞു. വിതരണം നടത്തുന്നതിനുള്ള സ്വിഗ്ഗി എന്ന ഡെലിവറി കമ്പനി ഏറ്റെടുക്കാന്‍ തയാറാണെന്നും അറിയിച്ചിട്ടുണ്ട്. അഥവാ കൂടുതല്‍ ഏതെങ്കിലും ഡെലിവറി കമ്പനികളുടെ താല്‍പര്യപത്രം ലഭിക്കുകയാണെങ്കില്‍ ടെന്‍ഡര്‍ നടപടികളിലേക്കു കടക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം.
ഇരുപത്തിമൂന്നു വയസായവര്‍ക്കു മാത്രമായിരിക്കും ഓണ്‍ലൈനില്‍ മദ്യം ലഭിക്കുക. അതിനു കോര്‍പ്പറേഷന്‍ പുറത്തിറക്കാന്‍ പോകുന്ന ആപ്പ് തന്നെ ഉപയോഗിക്കേണ്ടി വരും. പ്രായം കൃത്യമായി രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ഈ ആപ്പില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകളില്‍ ഒരെണ്ണമായിരിക്കും പ്രായനിര്‍ണയത്തിന് ആശ്രയിക്കുക.
മദ്യ വിതരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഡെലിവറി കമ്പനിക്കു മാത്രമായിരിക്കും. സര്‍ക്കാരിന്റെ നയപരമായ തീരുമാനം ഉണ്ടാകുകയും അനുമതി ലഭിക്കുകയും ചെയ്താല്‍ ആഴ്ചകള്‍ക്കകം വിതരണം ആരംഭിക്കാന്‍ കോര്‍പ്പറേഷനും ഡെലിവറി കമ്പനിയും തയ്യാറാണെന്നാണ് അറിയുന്നത്.