ന്യൂയോര്‍ക്ക്: അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ (എംഎല്‍എസ്) ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന താരമെന്ന പദവി ഇന്റര്‍ മയാമിക്കു വേണ്ടി കളിക്കുന്ന അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക്. ഇതു സംബന്ധിച്ച ഔദ്യോഗിക സ്‌റ്റേറ്റ്‌മെന്റ് സോക്കര്‍ സംഘാടകര്‍ പുറത്തു വിട്ടു. മെസിക്ക് ഇന്റര്‍ മയാമിയില്‍ നിന്നു ലഭിക്കുന്ന വാര്‍ഷിക പ്രതിഫലം 2.04 കോടി ഡോളറാണ് (ഏകദേശം 180 കോടി രൂപ). സ്‌പോണ്‍സര്‍ഷിപ്പ് തുടങ്ങി മറ്റു പല ഇനങ്ങളില്‍ നിന്നുമുള്ള വരുമാനം ഇതിനു പുറമെ മെസിക്കു ലഭിക്കും. അതിനൊക്കെ എത്രയാണ് കിട്ടുന്നത് പിന്നീടേ വ്യക്തമാകൂ.
പ്രതിഫലത്തുകയില്‍ രണ്ടാം സ്ഥാനത്തു വരുന്നത് ലോസാഞ്ചലസ് എഫ്‌സിയിലേക്ക് ഈവര്‍ഷത്തിന്റെ തുടക്കത്തില്‍ അപ്രതീക്ഷിതമായെത്തിയ ദക്ഷിണ കൊറിയന്‍ താരം സണ്‍ ഹ്യൂങ് മിന്നിനാണ്. 1.11 കോടി ഡോളറാണ് ഒരു വര്‍ഷത്തേക്ക് മിന്നിനു ലഭിക്കുക. ഏറക്കുറേ മെസിക്കു കിട്ടുന്നതിന്റെ പകുതിയോളം രൂപയാണിത് ഇന്ത്യന്‍ രൂപയിലേക്കു കണക്കാക്കിയാലുള്ളത്. താരങ്ങളുടെ ട്രാന്‍സ്ഫറിലൂടെയാണ് ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍ എന്ന ബ്രിട്ടീഷ് ടീമിനു വേണ്ടി കളിക്കുകയായിരുന്ന മിന്‍ ലൊസാഞ്ചലസ് എഫിസിയിലെത്തുന്നത്.
അടുത്ത വര്‍ഷം മെസി ഇന്റര്‍മിയാമിയുമായി കരാര്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നു വര്‍ഷം നീളുന്ന കരാറായിരിക്കും ഒപ്പിടുക.

