ബംഗളൂരു: ഓരോ ചുവടിലും ഏറ്റവുമധികം ശ്രദ്ധിച്ച്, ഒന്നു ചുമച്ചാല്‍ പോലും അതീവ കരുതലോടെ ലോകത്ത് ജീവിക്കുന്നത് ആരായിരിക്കും. ഒരു കാര്യം തീര്‍ച്ച,അങ്ങനെയൊരാളുണ്ടെങ്കില്‍ അത് കര്‍ണാടകത്തില്‍ കോലാര്‍ മേഖലയില്‍ നിന്നുള്ള മുപ്പത്തെട്ടുകാരിയായിരിക്കും. കാരണം ഡോക്ടര്‍മാരുടെ നിര്‍ദേശം അങ്ങനെയാണ്. ലോകത്തു തന്നെ രണ്ടാമതൊരാള്‍ക്കു കണ്ടെത്തിയിട്ടില്ലാത്ത രക്തഗ്രൂപ്പിന്റെ ഉടമസ്ഥയാണ് മാധ്യമങ്ങളില്‍ ഇതുവരെ പേരു പോലും വരാത്ത ആ സ്ത്രീ.
ഈ രക്തഗ്രൂപ്പിന്റെ പേര് ക്രിബ് ആന്റിജന്‍. ഇതിന്റെ പൂര്‍ണനാമം ക്രോമസോം റീജിയന്‍ ഐഡന്റിഫൈഡ് ആസ് ബ്ലഡ് ഗ്രൂപ്പ്. ഇവര്‍ക്ക് ജീവിതത്തിലൊരിക്കലും ആരില്‍ നിന്നും രക്തം സ്വീകരിക്കാന്‍ സാധിക്കില്ല. കാരണം ഈ ഗ്രൂപ്പ് മറ്റാര്‍ക്കുമില്ലല്ലോ. അതിനാല്‍ ശരീരത്തിലുള്ള രക്തം തന്നെ ശേഖരിച്ച് സൂക്ഷിച്ചു വച്ചാലാണ് ഏതെങ്കിലും അത്യാസന്ന ഘട്ടത്തില്‍ പിന്നീട് ഉപയോഗിക്കാന്‍ സാധിക്കുക. ഓട്ടോലോഗസ് ബ്ലഡ് സ്‌റ്റോറേജ് എന്ന ഈ രീതി ഉപയോഗപ്പെടുത്തിയിരിക്കുന്ന അപൂര്‍വ വ്യക്തികളിലൊരാളാണ് ഇവര്‍.
ഒരിക്കല്‍ ഇവര്‍ക്ക് ഹൃദയ ശസ്ത്രക്രിയ ആവശ്യമായി വന്നതാണ്. അതുവരെ ഇവരുടെ രക്തഗ്രൂപ്പ് ഒ പോസിറ്റീവ് എന്നായിരുന്നു കരുതിയിരുന്നത്. ലോകത്ത് ആര്‍ക്കും രക്തദാനം നടത്താന്‍ പറ്റുന്ന രക്തഗ്രൂപ്പ് എന്നാണ് ഒ ഗ്രൂപ്പിനെ വിളിക്കുന്നത്. എന്നാല്‍ ഇവര്‍ക്കു രക്തം ദാനം ചെയ്യാന്‍ വന്നവരുടെയൊന്നും രക്തം ഇവരുടേതുമായി മാച്ച് ആവുന്നില്ല. ആ അന്വേഷണമാണ് ഇതൊരു അപൂര്‍വത്തില്‍ അപൂര്‍വമായ രക്തഗ്രൂപ്പാണെന്ന കണ്ടെത്തലിലേക്കു നയിച്ചത്. അതിനു വൈദ്യശാസ്ത്രം കൊടുത്ത പേരാണ് ക്രിബ്. ഇവരുടെ ഹൃദയശസ്ത്രക്രിയ പോലും നടത്തിയത് ഒരു തുള്ളി ചോര അനാവശ്യമായി പോകാതെയും അതിനാല്‍ ആരില്‍ നിന്നും രക്തം സ്വീകരിക്കേണ്ട അവസ്ഥ വരാതെയുമായിരുന്നുവെന്നു പറയുമ്പോള്‍ ചികിത്സയുടെ ബുദ്ധിമുട്ട് മനസിലാകുന്നതേയുള്ളൂ.
ഏറെ രസകരമായ കാര്യം ഇവരുടെ വീട്ടില്‍ ആര്‍ക്കും ഇതേ രക്തഗ്രൂപ്പ് ഇല്ലെന്നതാണ്. അതിനാല്‍ വീട്ടിലുള്ള ആരില്‍ നിന്നു പോലും രക്തം സ്വീകരിക്കാനാവില്ല. കഴിഞ്ഞ ജൂണില്‍ ഇറ്റലിയിലെ മിലാനില്‍ നടന്ന ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ മീറ്റിംഗിലാണ് ഇങ്ങനെയൊരു രക്തഗ്രൂപ്പ് കണ്ടെത്തിയ കാര്യം ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ലോകത്തിലെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വിദഗ്ധര്‍ പങ്കെടുത്ത ആ യോഗത്തിന് ഇക്കാര്യം ഞെട്ടിക്കുന്ന അറിവായിരുന്നു. അവരില്‍ പലരും പിന്നീട് ഇതില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയുമാണ്.
ഈ സ്ത്രീയുടെ യഥാര്‍ഥ പ്രശ്‌നം ഇപ്പോള്‍ ജീവിക്കുക എന്നതാണ്. യാത്രയില്‍ ഒരു അപകടമുണ്ടായി ചോര വാര്‍ന്നു പോയാല്‍ ജീവിതം തീര്‍ന്നതു തന്നെ. രക്തം ആവശ്യമായി വരുന്നൊരു വൈദ്യശാസ്ത്ര സാഹചര്യമോ മറ്റെന്തെങ്കിലും ആവശ്യമോ വ്ന്നാലും സ്ഥിതി അതു തന്നെ. എന്തായാലും ഇവര്‍ ജീവിക്കുകയാണ്. അതീവ ശ്രദ്ധയോടെ.
ജീവിതം ചോരക്കളിയാകുമ്പോള്‍, ശത്രുക്കള്‍ക്കു പോലും ഇങ്ങനെ സംഭവിക്കരുതേ
