അമ്പോ, കണ്ണടകള്‍ക്ക് ഇത്രയും സാധ്യതയോ, ലെന്‍സ്‌കാര്‍ട്ട് ഐപിഒ, ശതകോടീശ്വരരാകാന്‍ സ്ഥാപക ഉടമമാര്‍

മുംബൈ: ഇന്നുവരെ ആരും ഗൗരവമായി കണക്കിലെടുക്കാത്ത മാര്‍ക്കറ്റ് സെഗ്മന്റില്‍ നിന്ന് ഇന്ത്യയ്ക്ക് ഒരു ശതകോടീശ്വരന്‍ കൂടി പിറക്കുന്നതിന് ചൊവ്വാഴ്ച സാധ്യത തെളിയും. കണ്ണടകളുടെ കച്ചവടത്തിലൂടെ ശതകോടീശ്വരനാകുകയാണ് പീയൂഷ് ബന്‍സാല്‍. ലെന്‍സ്‌കാര്‍ട്ട് എന്ന പുതിയ ആശയത്തിന്റെ സാധ്യതയാണ് ബെംഗളൂരു ഐഐഎമ്മില്‍ നിന്നു ബിസിനസില്‍ ബിരുദം സമ്പാദിച്ച ശേഷം ബിസിനസില്‍ സ്വന്തം സഹോദരിക്കൊപ്പമിറങ്ങിയ ബന്‍സാല്‍ തെളിയിക്കുന്നത്. ലെന്‍സ്‌കാര്‍ട്ടിന്റെ പ്രഥമ ഐപിഒ വെള്ളിയാഴ്ച ആരംഭിച്ചിരുന്നു, ചൊവ്വാഴ്ച സമാപിക്കുകയും ചെയ്യും. എന്നാല്‍ ബന്‍സാല്‍ ഐപിഒയ്ക്ക് മൂന്നുമാസം മുമ്പു തന്നെ ലെന്‍സ്‌കാര്‍ട്ടിന്റെ പരമാവധി ഓഹരികള്‍ സമ്പാദിച്ചിരുന്നു.

ശരാശരി 52 രൂപ നിരക്കിലാണ് ലെന്‍സ്‌കാര്‍ട്ടിന്റെ 4.26 കോടി ഓഹരികള്‍ അദ്ദേഹം സമ്പാദിച്ചത്. ഇതിനായി 22 കോടിയോളം രൂപ മുതല്‍ മുടക്കി. ഐപിഒയില്‍ 402 രൂപയാണ് ഒരു ലെന്‍സ്‌കാര്‍ട്ട് ഓഹരിയുടെ വില നിശ്ചയിച്ചിരിക്കുന്നത്. ഐപിഒയിലെക്കാള്‍ 25 ശതമാനം ഉയര്‍ന്ന നിരക്കിലായിരിക്കും ഐപിഒയ്ക്കു ശേഷം ഓഹരികള്‍ ലിസ്റ്റ് ചെയ്യുമ്പോള്‍ വ്യാപാരം തുടങ്ങുക. അങ്ങനെയെങ്കില്‍ കൈവശമുള്ള ഓഹരികള്‍ക്ക് 1717 കോടി രൂപ വിലയാകും. ഇതിലൂടെ ബന്‍സാലിനു ലഭിക്കുന്ന ലാഭം 1495 കോടി രൂപയായിരിക്കും.

2010ലാണ് ബന്‍സാല്‍ ലെന്‍സ്‌കാര്‍ട്ട് സ്ഥാപിക്കുന്നത്. നിലവില്‍ 10.28 കോടി ഓഹരികളാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്. അദ്ദേഹത്തിന്റെ സഹോദരിയും ലെന്‍സ്‌കാര്‍ട്ടിന്റെ സഹസ്ഥാപകയുമായ നേഹ ബന്‍സാലിനും ഏഴു ശതമാനത്തില്‍ കൂടിയ ഓഹരികളുണ്ട്. നിലവില്‍ വന്‍കിട നിക്ഷേപകരാണ് ലെന്‍സ്‌കാര്‍ട്ടില്‍ മുതല്‍ മുടക്കാന്‍ തയാറായി നില്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *