പഹല്‍ഗാം ഭീകരന്റെ സംസ്‌കാരത്തില്‍ ലഷ്‌കര്‍ കമാന്‍ഡര്‍

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ മഹാദേവില്‍ ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ട ഭീകരപ്രവര്‍ത്തകന്‍ താഹിര്‍ ഹബീബിന്റെ ശവസംസ്‌കാര ചടങ്ങില്‍ തീവ്രവാദ സംഘടനയായ ലഷ്‌കറിന്റെ കമാന്‍ഡര്‍ ഉള്‍പ്പെടെ പങ്കെടുത്തതായി സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകള്‍. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദിയായിരുന്നു ഹബീബ് എന്ന് സൈന്യം കണ്ടെത്തിയിരുന്നു.
താഹിറിന്റെ മൃതസംസ്‌കാരം പാക് അധിനിവേശ കാഷ്മീരിലെ റാവല്‍കോട്ടയ്ക്കടുത്ത് ഖായിഗാലയില്‍ നടത്തിയതായാണ് ലഭ്യമായ വിവരം. സംസ്‌കാര ചടങ്ങുകളില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ റിസ്വാന്‍ ഹനീഫ് പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ താഹിര്‍ ഹബീബിന്റെ കുടുംബത്തിന്റെ എതിര്‍പ്പിനിടെയായിരുന്നു റിസ്വാന്റെ സാന്നിധ്യമെന്നും ഇതേ തുടര്‍ന്ന് ആള്‍ക്കാര്‍ ചേരിതിരിഞ്ഞ് സംഘര്‍ഷത്തിലേക്കു നീങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ഭീകരര്‍ തോക്കു ചൂണ്ടിയാണ് ആള്‍ക്കാരെ ഭയപ്പെടുത്തി ഒതുക്കിയതത്രേ.
പാര്‍ലമെന്റില്‍ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയായിരുന്നു ജമ്മു കാശ്മീരിലെ ദര മേഖലയില്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. ഈ ഏറ്റുമുട്ടലിലായിരുന്നു താഹിര്‍ ഹബീബിന്റെ അന്ത്യം. ഓപ്പറേഷൻ മഹാദേവ് എന്നു പേരിട്ട ഏറ്റുമുട്ടലില്‍ പട്ടാളത്തിനു പുറമെ സിആര്‍പിഎഫും കാശ്മീര്‍ പോലീസും പങ്കെടുത്തിരുന്നു. ഈ ആക്രമണത്തിലാണ് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനായി കരുതപ്പെടുന്ന ഹാഷിം മൂസ എന്ന സുലൈമാന്‍ ഷായും കൊല്ലപ്പെട്ടത്.