ശ്രീനഗര്‍: ജമ്മു കാശ്മീരിനെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ പിന്തുണയുള്ള ഭീകര സംഘടനകള്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറി ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയാണെന്ന വിവരം ഇന്റലിജന്‍സ് ഏജന്‍സികള്‍ പിടിച്ചെടുത്തു. ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ ക്ഷീണം തീര്‍ക്കാന്‍ തിരിച്ചടിക്ക് ഭീകരസംഘടനകള്‍ പരിശ്രമിക്കുകയാണെന്ന വിവരം നേരത്തെ കിട്ടിയിരുന്നു. എന്നാല്‍ അതില്‍ നിന്നും ഒരു പടി കൂടി കടന്ന് ലഷ്‌കര്‍ ഇ ത്വൊയ്ബ, ജെയ്ഷ് ഇ മുഹമ്മദ് എന്നീ ഭീകര സംഘടനകള്‍ തമ്മില്‍ പര്‌സപര ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഏകോപിത ശ്രമങ്ങള്‍ക്കാണിപ്പോള്‍ കോപ്പു കൂട്ടുന്നതെന്നാണ് പുതിയ കണ്ടെത്തല്‍. ഇപ്പോള്‍ നുഴഞ്ഞു കയറ്റം നടത്തിയിരിക്കും സംയുക്ത ആക്രമണത്തിനാണത്രേ.
കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഭീകര സംഘടനകള്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങളും നിരീക്ഷണങ്ങളും അതിര്‍ത്തി കടന്നുള്ള ചരക്കു നീക്കങ്ങളും വര്‍ധിപ്പിച്ചിരുന്നു. പാക്കിസ്ഥാന്‍ സ്‌പെഷല്‍ സര്‍വീസസ് ഗ്രൂപ്പിന്റെയും ഐഎസ്‌ഐ ഓപ്പറേറ്റിവുകളുടെയും സഹായത്തോടെ നിയന്ത്രണ രേഖ വഴി നുഴഞ്ഞു കയറ്റത്തിലൂടെ ഭീകരര്‍ ഇന്ത്യയിലേക്കു പ്രവേശിച്ചു കഴിഞ്ഞതായി കണ്ടെത്തിയ സാഹചര്യത്തില്‍ അവര്‍ക്കായി വ്യാപക തിരച്ചിലാണ് ആരംഭിച്ചിരിക്കുന്നത്.

