പാമ്പില്ല, പേരിനൊരു പട്ടി പോലുമില്ല, ഈ അതിശയ സ്ഥലം മലയാളിക്കു പ്രിയപ്പെട്ടത്

പേരിനൊരു നായ പോലുമില്ലാത്ത സ്ഥലം ഇന്ത്യയിലുണ്ടെന്നോ. നായ് മാത്രമല്ല, ഒരു പാമ്പ് പോലുമില്ല. സുപ്രീം കോടതി പോലും തെരുവു നായ വിഷയത്തില്‍ കടുത്ത നിലപാടുകള്‍ സ്വീകരിച്ചിരിക്കേ, ഇങ്ങനെയൊരു സ്ഥലം ഇന്ത്യയില്‍ തന്നെയുണ്ടെന്നു മാത്രമല്ല, മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ലൊക്കേഷനുകളിലൊന്നു കൂടിയാണിത്. അതാണ് ലക്ഷദ്വീപ്. ഈ പേരു കേള്‍ക്കുമ്പോള്‍ തന്നെ പവിഴപ്പുറ്റുകളും കിടന്നുരുളാന്‍ തോന്നുന്ന വിധത്തില്‍ സുന്ദരമായ ബീച്ചുകളും മനസിലേക്കു കടന്നു വരും. എന്നാല്‍ ഒരു നായയുടെ നിഴല്‍ പോലും ആ ചിത്രത്തിലുണ്ടാവില്ല. ഇതിനൊരു കാരണമുണ്ട്. നായ്ക്കള്‍ക്കു കര്‍ശന നിരോധനമാണ് ലക്ഷദ്വീപിലുള്ളത്. അതുകൊണ്ട് ഒരൊറ്റ തെരുവ് നായ് പോലുമില്ല.
ഇതിലും രസകരമായ കാര്യം അഞ്ചു വര്‍ഷം മുമ്പ് ഒരു നായ് ലക്ഷദ്വീപിലെത്തിയ കഥയാണ്. കോഴിക്കോടു നിന്നു വന്ന ഒരു കപ്പലില്‍ എങ്ങനെയോ ഒരു നായ കടന്നു കൂടി. ആരുടെയും കണ്ണില്‍ പെടാതെ അവന്‍ ദ്വീപിലിറങ്ങുകയും ചെയ്തു. പോരേ പുകില്. ഒരു ദിവസം മുഴുവന്‍ അധികൃതര്‍ ആ നായയെ തേടുകയായിരുന്നു. ഒടുവില്‍ ഒരു തെരുവില്‍ നിന്നു കണ്ടെത്തിയെന്നു മാത്രമല്ല, അടുത്ത കപ്പിലിനു തന്നെ നാടുകടത്തുകയും ചെയ്തു. ലക്ഷദ്വീപിലെ മുസ്ലീം സമൂഹത്തിനു നായ് ഹറാമാണെന്നതു കൂടിയാണ് നായ് വിരോധത്തിനു പിന്നിലുള്ളത്. ലോകാരോഗ്യ സംഘടനയുടെ കണക്കു വച്ച് ലക്ഷദ്വീപ് പേവിഷ മുക്തമായ പ്രദേശമാണ്. നായ്ക്കളില്ലാത്തതിനാല്‍ പേവിഷവുമില്ലെന്നു ചുരുക്കം.
നായ്ക്കളുടെ കാര്യം പോലെ തന്നെയാണ് പാമ്പുകളുടെ കാര്യവും. ലക്ഷദ്വീപിലെ സസ്യജന്തുജാലങ്ങളുടെ ഒരു പട്ടികയിലും പാമ്പുകളേയില്ല. പട്ടിയും പാമ്പുമില്ലെങ്കിലും പൂച്ചകളും എലികളും ധാരാളമുണ്ട്. കേരളത്തില്‍ തെരുവുകള്‍ തോറും നായ്ക്കളെങ്ങനെയാണോ അതുപോലെയാണ് ലക്ഷദ്വീപില്‍ പൂച്ചകള്‍.