കൊച്ചി: സന്ധി സംബന്ധമായ ശസ്ത്രക്രിയയിലെ ഏറ്റവും പുതിയ സങ്കേതമായ നാനോസ്‌കോപിക് എസിഎല്‍, മെനിസ്‌കസ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി കൊച്ചിയിലെ വിപിഎസ് ലേക്ഷോര്‍ ആശുപത്രി മികവു തെളിയിച്ചു. ഏഷ്യയില്‍ ആദ്യമായാണ് ഏതെങ്കിലുമൊരു ആശുപത്രിയില്‍ ഇത്തരം ശസ്ത്രക്രിയ നടത്തുന്നതെന്ന് ഇതിനു നേതൃത്വം നല്‍കിയ ഡോ. ജോര്‍ജ് ജേക്കബ് അറിയിച്ചു. സ്‌പോര്‍ട്‌സ് സംബന്ധമായ പരിക്കുകളിലെ കാല്‍മുട്ടു സന്ധി ചികിത്സ, സാധാരണ രോഗികള്‍ക്ക് കാല്‍മുട്ടു സന്ധിയില്‍ ആവശ്യമായി വരുന്ന ശസ്ത്രക്രിയ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് വികസിത രാജ്യങ്ങളില്‍ ഇത്തരം ചികിത്സ ഉപയോഗിക്കുന്നത്.
കീഹോള്‍ സര്‍ജറിയില്‍ ആവശ്യമായി വരുന്നത്ര വലിയ മുറിവ് പോലും ഇതില്‍ ആവശ്യമായി വരുന്നില്ല എന്നതാണിതിന്റെ പ്രധാന മേന്മ. പ്രത്യേക രീതിയിലുള്ള ഒരു സൂചി കടന്നു പോകുന്നത്ര ചെറിയ മുറിവ് മാത്രമാണ് ഇതിനായി ശരീരത്തിലുണ്ടാക്കേണ്ടി വരുന്നത്. അതിനാല്‍ ഓപ്പറേഷന്റെ വേദന തുലോം നിസാരമായിരിക്കും. എന്നു മാത്രമല്ല, ആശുപത്രി വാസവും വളരെ കുറവു ദിവസങ്ങളിലേക്ക് ചുരുക്കാനുമാകും. കാല്‍മുട്ടിന്റെ ചികിത്സയിലാണ് ഏറ്റവും കൂടുതല്‍ ഈ സമ്പ്രദായം ഉപയോഗപ്പെടുത്താനാവുന്നത്.
കാല്‍മുട്ടിലെ എസിഎല്‍, മെനിസ്‌കസ് എന്നീ രണ്ടു ഭാഗങ്ങളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഉപയോഗിക്കുന്നതിനാലാണ് ഇതിന് എസിഎല്‍, മെനിസ്‌കസ് ശസ്ത്രക്രിയ എന്ന പേരു വന്നിരിക്കുന്നത്. ഇതിനായി ശരീരത്തില്‍ ഉണ്ടാക്കുന്ന സുഷിരം തീരെ ചെറുത് എന്ന അര്‍ഥത്തിലാണ് നാനോസ്‌കോപിക് എന്ന പദം ഉപയോഗിച്ചു വിളിക്കുന്നത്. കാല്‍ മുട്ടില്‍ തുടയെല്ലിനെ കണങ്കാല്‍ എല്ലുമായി ബന്ധിപ്പിക്കുന്ന ഭാഗത്താണ് എസിഎല്‍ എന്ന ലിഗമെന്റ് സ്ഥിതിചെയ്യുന്നത്. ഇത് ശക്തമായ ലിഗമെന്റായതിനാലാണ് കാലിന് ഉറപ്പും ബലവും ലഭിക്കുന്നതിനൊപ്പം കണങ്കാല്‍ എല്ല് തുടയെല്ലിന്റെ ചലനത്തോട് പൊരുത്തപ്പെട്ട ചലിക്കുന്നത്. മെനസ്‌കോപ്പ് എന്നത് തുടയെല്ലിനും കണങ്കാല്‍ എല്ലിനും മധ്യേ കാണപ്പെടുന്ന തരുണാസ്ഥി ഭാഗമാണ്.
പലപ്പോഴും വീഴ്ചകളിലും മറ്റും പരിക്കേല്‍ക്കുന്നത് ഈ ലിഗമെന്റിനും തരുണാസ്ഥിക്കുമായിരിക്കും. സാധാരണ ശസ്ത്രക്രിയകള്‍ ഇവയുടെ പരിക്ക് പരിഹരിക്കുന്നതില്‍ പലപ്പോഴും ഏറെ സങ്കീര്‍ണമായി മാറാറുണ്ട്. നാനോസ്‌കോപ്പിക് ശസ്ത്രക്രിയയില്‍ വളരെ ചെറിയ മുറിവിലൂടെ സൂചിപോലെയുള്ള നാനോ ഉപകരണത്തിന്റെ സഹായത്തോടെ ലിഗമെന്റിന്റെയും തരുണാസ്ഥിയുടെയും പരിക്ക് പരിഹരിക്കുകയാണ് ചെയ്യുന്നത്.

