കൊച്ചി: എറണാകുളം എസ്എന്‍വി സദനത്തോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന പുസ്തകശാലയ്ക്കൊരു പ്രത്യേകതയുണ്ട്. ഇതിന്റെ പേരില്‍ മാത്രമാണ് പുരുഷ സാന്നിധ്യമുള്ളത്, കെ എസ് രാഘവന് മെമ്മോറിയല്‍ ലൈബ്രറി എന്ന പേരില്‍ മാത്രം. ബാക്കിയെല്ലാം ഒരു പെണ്ണരശ് ലോകമാണ്. ഇതിന്റെ നടത്തിപ്പുകാരും പരിപാലകരും വായനക്കാരുമെല്ലാം വനിതകള്‍ മാത്രം. ഒരു പക്ഷേ, ഇങ്ങനെയൊരു ലൈബ്രറി ലോകത്ത് വേറെയെവിടെയെങ്കിലുമുണ്ടോയെന്ന് സംശയം. വെറുതെ ഏതാനും പുസ്തകങ്ങള്‍ ഒരു ഷെല്‍ഫില്‍ അടുക്കി വച്ചിരിക്കുകയല്ല, നാല്പതിനായിരത്തോളം പുസ്തകങ്ങളുമായി രണ്ടു നിലയിലാണിതു പ്രവര്‍ത്തിക്കുന്നത്.
ഒന്നും രണ്ടും വര്‍ഷമല്ല, കഴിഞ്ഞ അറുപത്തേഴു വര്‍ഷമായി ഈ ലൈബ്രറി പ്രവര്‍ത്തിക്കുന്നു. താഴ്ന്ന ജാതിയിലെ ആള്ക്കാര്്ക്ക് അയിത്തം കല്പിച്ചിരുന്നൊരു കാലത്ത് വിദ്യാഭ്യാസത്തിനായി എറണാകുളത്തു വരുന്ന പെണ്‍കുട്ടികള്‍ക്കു താമസിക്കാനായി 1921ല്‍ തപസ്വിനിയമ്മ എന്ന സന്യാസിനി സ്ഥാപിച്ചതാണ് എസ്എന്‍വി സദനം എന്ന ശ്രീനാരായണ വിദ്യാര്‍ഥിനി സദനം. ഇവിടെ താമസിക്കുന്ന കുട്ടികള്‍ക്കും അറിവ് ആഗ്രഹിക്കുന്ന മറ്റു വനിതകള്‍ക്കുമായി സദനത്തില്‍ 1958ലാണ് ലൈബ്രറിയുടെ തുടക്കം. അന്നു മുതല്‍ ഇന്നുവരെ ഇതിന്റെ പ്രവര്‍ത്തകരും ഗുണഭോക്താക്കളുമെല്ലാം വനിതകള്‍ തന്നെ. ഇവിടെ നിന്ന് അറിവിന്റെ വെളിച്ചം നുകര്ന്നിട്ടുള്ളവര് ഏറെയാണ്. കഴിഞ്ഞ മാസം ഒരു മന്‍കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശിച്ച ദാക്ഷായണി വേലായുധനും മുന്‍മന്ത്രിയും ആദ്യകാല കമ്യൂണിസ്റ്റുമായ കെ ആര് ഗൗരിയമ്മയുമൊക്കെ സദനത്തില്‍ താമസിച്ചവരും ലൈബ്രറിയിലെ നിത്യസന്ദര്‍ശകരുമായിരുന്നു.
വായനയുടെ പ്രാധാന്യം മറ്റുള്ളവരെ അറിയിക്കാനായെന്നോണം വഴിയാത്രക്കാര്‍ക്കു കൂടി കാണാനാവുന്ന വിധത്തില്‍ സ്ഥാപിച്ചരിക്കുന്ന രവീന്ദ്രനാഥ ടാഗോറിന്റെ ഒരു വാചകമാണ് ഇവിടേക്ക് ആരെയും സ്വാഗതം ചെയ്യുന്നത്. ‘വായനയെക്കാള്‍ വലിയ ഗുരു ഇല്ല’. ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സ്ഥാപനത്തില്‍ വായനയ്ക്കു ഗുരുസ്ഥാനം നല്‍കുന്നതിലൂടെ കൈവരിക്കുന്നത് നവോത്ഥാനത്തിന്റെ വലിയ രണ്ടു ലക്ഷ്യങ്ങള്‍ തന്നെ. സദനം ട്രസ്റ്റ് സെക്രട്ടറി എം ആര് ഗീത, ഡിആര്‍ഡിഓയിലെ മുന്‍ ശാസ്ത്രജ്ഞ ഡോ. ശാന്താദേവി, എം പി ഷീല എന്നിവരാണിപ്പോള്‍ ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നത്.
നാടിന്റെ നല്ലപാതിക്ക് വായനയുടെ പൂര്‍ണ ലോകം, ലേഡീസ് ഒണ്‍ലി ലൈബ്രറി
