ലഡാക്ക് കത്തുന്നു, പോലീസുമായി ഏറ്റുമുട്ടലില്‍ നാലു മരണം, വാങ്ചുക്ക് സമരം നിര്‍ത്തി

ന്യൂഡല്‍ഹി: കാശ്മീരിന്റെ 370ാം വകുപ്പ് റദ്ദാക്കിയ കേന്ദതീരുമാനത്തിനൊപ്പം കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട ലഡാക്കിനു സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെട്ട് നടക്കുന്ന ജനകീയ പ്രക്ഷോഭത്തിനിടെ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. എഴുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതേ തുടര്‍ന്ന് സമരം നിര്‍ത്തി വയ്ക്കുന്നതായി പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും സമരത്തിന്റെ നേതാവുമായ സോനം വാങ്ചുക്ക് അറിയിച്ചു. ഇന്നലെ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്ന പ്രവര്‍ത്തകര്‍ ലേ നഗരത്തില്‍ വച്ച് പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്കു നേരേ കല്ലെറിയുകയും പോലീസ് വാഹനത്തിനു തീയിടുകയും ചെയ്തു. അതിനു ശേഷം ബിജെപിയുടെ ഓഫീസ് അക്രമിച്ച് അഗ്നിക്കിരയാക്കി. ഇതോടെയാണ് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും സമരക്കാരെ നേരിടുകയും ചെയ്തത്. ലഡാക്കിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാന പദവി ആവശ്യപ്പെട്ട് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ സോനം വാങ്ചുക്കിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ ആഴ്ചകളായി സമരരംഗത്തായിരുന്നു. സമരം ഇതുവരെ സമാധാനപരമായിരുന്നു. രണ്ടാഴ്ചയായി ഇതേ ആവശ്യം ഉന്നയിച്ച് വാങ്ചുക്ക് നിരാഹാരത്തിലുമായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുന്നതായി അറിഞ്ഞതിനെ തുടര്‍ന്നാണ് ഇന്നലെ പ്രവര്‍ത്തകര്‍ അക്രമാസക്തരായത്. ജനങ്ങളുടെ ആവശ്യത്തെക്കുറിച്ച് ഒക്ടോബര്‍ ആറിന് ചര്‍ച്ച ചെയ്യാമെന്നാണ് കേന്ദ്ര ഗവണ്‍മെന്റ് അറിയിച്ചിരിക്കുന്നത്.