270 കോടി രൂപയുടെ കടമെടുത്തു മുങ്ങിയ മലയാളികളെ തേടി കുവൈറ്റ് ബാങ്ക് കേരളത്തില്‍

കൊച്ചി: വന്‍ തുകയുടെ വായ്പയെടുത്ത ശേഷം പറ്റിച്ചു മുങ്ങിയ മലയാളികള്‍ക്കെതിരേ പരാതിയുമായി കുവൈറ്റിലെ അല്‍ അഹലി ബാങ്ക് കൊച്ചിയിലെത്തി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിമൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുവൈറ്റില്‍ ജോലിക്കെത്തിയ കേസില്‍ പരാമര്‍ശിക്കപ്പെടുന്ന മലയാളികള്‍ 24 ലക്ഷം രൂപ മുതല്‍ രണ്ടു കോടി രൂപവരെയാണ് ലോണെടുത്തത്. അതിനു ശേഷം ഒന്നും തിരിച്ചടയക്കാതെ മുങ്ങുകയായിരുന്നു. കോട്ടയം ജില്ലയില്‍ നിന്നുള്ളവരാണ് തട്ടിപ്പില്‍ കൂടിയ പങ്കും നടത്തിയിരിക്കുന്നത്. 806 പേരുടേതായി ബാങ്കിന് തിരിച്ചു കിട്ടാനുള്ളത് 270 കോടിയോളം രൂപയാണ്. നേരത്തെ ഗള്‍ഫ് ബാങ്ക് കുവൈറ്റും സമാനമായ പരാതിയുമായി രംഗത്തെത്തിയിരുന്നു. അതിന്‍മേല്‍ അന്വേഷണം നടക്കുമ്പോഴാണ് രണ്ടാമതൊരു ബാങ്ക് കൂടി സമാനമായ പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്. ഗള്‍ഫ് ബാങ്ക് കുവൈറ്റിന്റെ കണക്കു പ്രകാരം അമ്പതു ലക്ഷം രൂപ മുതല്‍ മൂന്നു കോടി രൂപ വരെയാണ് ഓരോരുത്തരും തിരിച്ചടയ്ക്കാനുള്ളത്. ഇങ്ങനെ മുങ്ങിയവരില്‍ വളരെ കുറച്ചു പേര്‍ മാത്രമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. കൂടുതല്‍ പേരും യൂറോപ്യന്‍ രാജ്യങ്ങളിലേക്കോ അമേരിക്കയിലേക്കോ മാറുകയാണ് ചെയ്തത്.