ഇത്തിരി കുപ്പിക്കഥകള്‍ പറയാം. കുപ്പി എന്നതിന് ഒരൊറ്റ അര്‍ഥമാണല്ലോ പലപ്പോഴും. കള്ളു മുതല്‍ മുകളിലേക്ക് ഏതു മുന്തിയ സാധനവും വരെയുള്ള ലഹരികള്‍. ഇരുന്നു മൂത്തത് എന്നൊരു വിശേഷണത്തിന്റെ അകമ്പടിയോടെയും അതിന്റെയൊരു അഭിമാനത്തോടെയുമായിരിക്കും കുപ്പികള്‍ പലരും പുറത്തെടുക്കുക. എന്നാല്‍ ചിന്തിച്ചിട്ടുണ്ടോ ഇവയൊക്കെ ഇരിക്കുന്തോറും മൂക്കുകയാണോ അതോ ഗും ഇറങ്ങിപ്പോയ അവസ്ഥയിലെത്തുകയാണോ ചെയ്യുന്നത്.
രണ്ടു ചോദ്യമാണ് ഇക്കാര്യത്തില്‍ ഉത്തരം തേടേണ്ടതായിട്ടുള്ളത്. ഒന്നാമത്തേത് തുറക്കാത്ത കുപ്പി എത്രനാള്‍ വീര്യം പോകാതെ സൂക്ഷിക്കാം. രണ്ടാമത്തേത് തുറന്ന കുപ്പി എത്ര നാള്‍ അതേ വീര്യത്തില്‍ സൂക്ഷിക്കാം.സത്യത്തില്‍ മദ്യത്തിന്റെ ഉല്‍പാദന രീതിയെ ആശ്രയിച്ചാണ് അതിന്റെ സൂക്ഷിപ്പുകാലം അഥവാ ഷെല്‍ഫ് ലൈഫ് നിശ്ചയിക്കപ്പെടുന്നത്. വ്യത്യസ്ത ലഹരി പാനീയങ്ങളുടെ കാലാവധി പലതാണ്. പുളിപ്പിക്കല്‍ പ്രക്രിയയിലൂടെ തയ്യാറാക്കുന്ന ഏതു മദ്യവും ഇരിക്കുന്തോറും അവയ്ക്ക് ഫെര്‍മന്റേഷന്‍ വര്‍ധിച്ചുകൊണ്ടേയിരിക്കും. കള്ളിനും ബീറിനും വൈനിനുമൊക്കെ ഇങ്ങനെ തന്നെ. ഫെര്‍മന്റേഷന്‍ അഥവാ പുളിക്കല്‍ എന്നു പറഞ്ഞാല്‍ അവയില്‍ ബാക്ടീരിയയുടെ പ്രവര്‍ത്തനം നടക്കുന്നു എന്നാണ്. പക്ഷേ, അതിങ്ങനെ കാലാകാലത്തോളം നടന്നു കൊണ്ടിരിക്കുകയല്ല ചെയ്യുന്നത്. കുറച്ചു കഴിയുമ്പോള്‍ ഇവയ്ക്കു രൂപമാറ്റം വരാം. അതിന് എടുക്കുന്ന കാലം ഓരോന്നിനും വ്യത്യസ്തമായിരിക്കും. പ്രത്യേക രീതിയില്‍ സംസ്‌കരിച്ച വൈനിനു മാത്രമേ (ഹോം മെയ്ഡ് വൈനല്ല) ഏറ്റവും കൂടിയ സൂക്ഷിപ്പു കാലമുള്ളൂ. കള്ള് ഇരുന്നു പുളിച്ചാല്‍ വിനാഗിരിയാകുന്നതു പോലെ ബീറുമൊക്കെ രൂപമാറ്റം വന്നു പോകും.
വിസ്‌കി പോലെയുള്ള ഹാര്‍ഡ് സ്പിരിറ്റുകള്‍ ശരിയായ രീതിയില്‍ സൂക്ഷിച്ചാല്‍ ഒരുപാട് കാലം ഷെല്‍ഫ് ലൈഫ് ഉണ്ടെന്നു പറയാം. ഇതു പോലും സൂക്ഷിക്കുന്ന സ്ഥലത്തെ ചൂട്, വെളിച്ചം, ഓക്‌സിജന്റെ അളവ് തുടങ്ങിയ കാര്യങ്ങളെ കുറേയൊക്കെ ആശ്രയിച്ചിരിക്കും. ഓക്‌സിജന്റെ അളവില്‍ വ്യത്യാസം വരുത്താന്‍ നമുക്കു സാധിക്കില്ല. എന്നാല്‍ ചൂടും വെളിച്ചവും നിയന്ത്രിക്കാന്‍ സാധിക്കും. അതിനാല്‍ വിസ്‌കിയും ബ്രാന്‍ഡിയും മറ്റും അടപ്പ് മുറുകിയ നിലയില്‍ ഇരുട്ടുള്ള സ്ഥലത്ത് ചൂടേല്‍ക്കാതെ വയ്ക്കുകയാണ് സൂക്ഷിക്കുമ്പോള്‍ നല്ലത്.
ഒരിക്കല്‍ തുറന്ന കുപ്പിയുടെ കാര്യത്തില്‍ ഇതൊന്നും കൊണ്ട് കാര്യമായ പ്രയോജനമില്ല. ഒരിക്കല്‍ തുറന്നു കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാലം സൂക്ഷിക്കാന്‍ പറ്റുന്നത് വിസ്‌കി തന്നെയാണ്. അപ്പോഴും അടപ്പു മുറുക്കി അടച്ചിരിക്കണം. രണ്ടു വര്‍ഷത്തിനു മേല്‍ സൂക്ഷിക്കരുത്. അതു പോലും ആറു മാസം കഴിഞ്ഞാല്‍ രുചിയില്‍ മെല്ലെ മാറ്റം വന്നു തുടങ്ങും. വൈനിന്റെ കാര്യത്തില്‍ ഏതു ബ്രാന്‍ഡ് ആയാലും എട്ട് ആഴ്ചയ്ക്കുള്ളില്‍ അഥവാ രണ്ടു മാസത്തിനുള്ളില്‍ ഉപയോഗിച്ചു തീര്‍ത്തിരിക്കണം. അല്ലെങ്കില്‍ രുചി മാത്രമല്ല വീര്യവും നന്നായി കുറയും.
പ്രത്യേക ശ്രദ്ധ വേണ്ടത് റമ്മിന്റെ കാര്യത്തിലാണ്. കുപ്പി തുറക്കാതെ വിസ്‌കിയുടെ അത്ര തന്നെ റമ്മും സൂക്ഷിക്കാം. എന്നാല്‍ ഒരിക്കല്‍ തുറന്നു പോയാല്‍ കഥ മാറും. അതിനു കാരണം ഓക്‌സിഡേഷന്‍ എന്ന പ്രവര്‍ത്തനമാണ്. വളരെ വേഗമാണ് റമ്മില്‍ ഓക്‌സിഡേഷന് സംഭവിക്കുക. നന്നായി അടുപ്പ് മുറുക്കിയടച്ച് ഇരുട്ടുള്ള സ്ഥലത്തു സൂക്ഷിച്ചാലും ആറു മാസത്തിനു മേല്‍ ഇരിക്കുന്നതു ബുദ്ധിമുട്ടാണ്.
ഒരിക്കല്‍ തുറന്നു കഴിഞ്ഞാലും ഏറ്റവും കൂടുതല്‍ കാലം അതേപോലെ ഇരിക്കുന്ന മദ്യം വോഡ്ക മാത്രമാണ്. അതിനു കാരണം ഇതിന്റെ നിര്‍മാണ രീതിയിലുള്ള വ്യത്യാസമാണ്. അതുമൂലം ഓക്‌സിഡേഷന്‍ വളരെ സാവധാനം മാത്രമേ നടക്കൂ. അതുകൊണ്ട് ഒരിക്കല്‍ തുറന്ന കുപ്പിയുടെ അടപ്പ് മുറുക്കിയാണ് അടച്ചിരിക്കുന്നതെങ്കില്‍ ആറു മാസം വരെ അതേ വീര്യത്തിലും അതേ രുചിയിലും ഇരുന്നു കൊള്ളും. അതു കഴിഞ്ഞാല്‍ വീര്യവും രുചിയും കുറയുന്നതിനു സാധ്യതയുണ്ട്.
വോഡ്കയുടെ നേര്‍ വിപരീതമാണ് ബിയറിന്റെ അവസ്ഥ. ഒരിക്കല്‍ തുറന്നു കഴിഞ്ഞാല്‍ എവിടെ സൂക്ഷിച്ചാലും പ്രയോജനമില്ല. ഒരു ദിവസത്തിനു മേല്‍ അതിന്റെ രുചിയോ വീര്യമോ നിലനിര്‍ത്താന്‍ സാധിക്കില്ല. അതിനാല്‍ തുറക്കുക, തീര്‍ക്കുക എന്നതു മാത്രമാണ് കരണീയം.
ഇത്തിരി കുപ്പി വിശേഷം: കിക്ക് പോകാതെ എത്രനാള്‍
