കുല്‍ഗാമില്‍ രണ്ടു സൈനികര്‍ക്കു വീരമൃത്യു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു. ലാന്‍സ് നായിക് പ്രീതിപാല്‍ സിംഗ്, ശിപായി ഹര്‍മിന്ദര്‍ സിംഗ് എന്നിവര്‍ക്കാണ് വീരമൃത്യു. രണ്ടു സൈനികര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഒമ്പതു ദിവസമായി വനമേഖലയില്‍ ഭീകരര്‍ക്കായി നടക്കുന്ന തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടാകുന്നതും ഇന്ത്യന്‍ സൈന്യത്തിന് ആളപായം സംഭവിക്കുന്നതും. ഇപ്പോഴും തിരച്ചില്‍ ശക്തമായി തുടരുകയാണ്.
വനമേഖലയില്‍ ഭീകരര്‍ ഒളിയിടമുണ്ടാക്കിയെന്ന വിശ്വസനീയമായ തെളിവിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍ തുടങ്ങിയത്. ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടു ഭീകരരെ വധിക്കാനും ഇന്ത്യന്‍ സൈന്യത്തിനായി. പോലീസും സൈനികരും സംയുക്തമായാണ് തിരിച്ചിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഡ്രോണുകളുടെ സഹായത്തോടെ ഭീകരരുടെ താവളങ്ങളില്‍ ബോംബുകള്‍ വര്‍ഷിക്കാനും സൈന്യത്തിനു സാധിച്ചിരുന്നു. ഇതിനിടെയാണ് രണ്ടു സൈനികരുടെ മരണം സംബന്ധിച്ച വാര്‍ത്തയെത്തുന്നത്.