ഭാരതാംബ ചിത്രത്തിനു മുന്നില്‍ വിളക്കു കൊളുത്തിയ പഞ്ചാത്ത് പ്രസിഡന്റിനു തരംതാഴ്ത്തല്‍

കോഴിക്കോട്: ഭാരതാംബയുടെ ചിത്രത്തിനു മുന്നില്‍ വിളക്കു കൊളുത്തിയതിന് പഞ്ചായത്ത് പ്രസിഡന്റിനെതിരേ അച്ചടക്ക നടപടിയുമായി സിപിഎം. കോഴിക്കോടിനടുത്ത് തലക്കുളത്തൂര്‍ പഞ്ചായത്തിന്റെ പ്രസിഡന്റ് കെ ടി പ്രമീളയ്ക്കാണ് അച്ചടക്ക നടപടി നേരിടേണ്ടതായി വന്നത്. ഇവരെ ഏരിയ കമ്മിറ്റിയില്‍ നിന്നു ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തിയിരിക്കുകയാണിപ്പോള്‍. ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുക്കുകയും ഭാരതാംബ ചിത്രത്തിനു മുന്നില്‍ വിളക്കു കൊളുത്തുകയും ചെയ്തു എന്നതാണ് നടപടിക്കു കാരണമായി പാര്‍ട്ടി പറയുന്നത്.
താന്‍ പ്രസിഡന്റായിരിക്കുന്ന പഞ്ചായത്തില്‍ ഒരു നിര്‍ധന കുടുംബത്തിന് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്തില്‍ നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ കൈമാറുന്ന ചടങ്ങിലാണ് പ്രമീളയ്ക്കു വിളക്കു കൊളുത്തേണ്ടി വന്നത്. കുറച്ചു നാളുകളായി ഭാരതാംബ വിവാദം കേരളത്തില്‍ ആറിത്തണുത്തിരിക്കുകയായിരുന്നെങ്കിലും വീണ്ടും അതിനെ ആളിക്കത്തിക്കാന്‍ ഈ നടപടി കാരണമാകുമോയെന്ന വിചാരം ഉണര്‍ന്നിരിക്കുകയാണിപ്പോള്‍.