രാഹുലില്‍ തുടങ്ങിയത് പൊലിക്കുന്നു, അടുത്തത് ബിജെപിയിലെ സി കൃഷ്ണകുമാര്‍

പാലക്കാട്: സംസ്ഥാനത്ത് രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ ലൈംഗികാരോപണങ്ങളുടെ മാലപ്പടക്കം തന്നെ പൊട്ടിത്തുടങ്ങുന്നുവെന്ന പ്രതീതിയുണ്ടാക്കിക്കൊണ്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരേ നിരന്തര പീഢനശ്രമത്തിന്റെ പരാതിയുമായി ഭാര്യാസഹോദരി രംഗത്ത്. ഇതു സംബന്ധിച്ച് യുവതി ഇന്നു പരാതി നല്‍കിയത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനായിരുന്നെങ്കിലും പകര്‍പ്പ് മാധ്യമങ്ങള്‍ക്കു ലഭിച്ചു.
പരാതിയില്‍ പറയുന്നത് ഇങ്ങനെ. കൃഷ്ണകുമാര്‍ പല തവണ തന്നെ ലൈംഗികമായി പീഢിപ്പിക്കാന്‍ ശ്രമിച്ചു. തനിക്കും അമ്മയ്ക്കും അവകാശപ്പെട്ട സ്വത്ത് മൂത്ത സഹോദരി കൈവശം വച്ചിരിക്കുകയാണ്. നേരത്തെ ഇതു സംബന്ധിച്ച് പാലക്കാട് പോലീസില്‍ പരാതി സമര്‍പ്പിച്ചിരുന്നതാണ്. എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്ന് കോടതിയില്‍ പോലീസ് ബോധിപ്പിക്കുകയായിരുന്നു.
2014ലാണ് കൃഷ്ണകുമാറിനെതിരേ യുവതി ആദ്യമായി പരാതി നല്‍കുന്നത്. അന്നു ഗാര്‍ഹിക പീഢനത്തിനും ലൈംഗിക പീഢനത്തിനുമായിരുന്നു കേസ് കൊടുത്തത്. ഈ രണ്ടു പരാതിയിലും പോലീസ് എഫ്‌ഐആര്‍ ഇട്ടിരുന്നതുമാണ്. എന്നാല്‍ അതില്‍ ഒരു എഫ്‌ഐആര്‍ കോടതിയിലെത്താതെ മുക്കി. ഗാര്‍ഹിക പീഢന പരാതി മാത്രമാണ് കോടതിയിലെത്തിയത്. സ്വത്ത് തര്‍ക്കക്കേസില്‍ 2023ലും ഗാര്‍ഹിക പീഢന പരാതിയില്‍ 2024ലും കൃഷ്ണകുമാറിന് അനുകൂലമായ കോടതി വിധി വന്നിരുന്നു. എന്നാല്‍ ലൈംഗിക പീഢന പരാതി നിലനില്‍ക്കില്ലെന്നാണ് പോലീസ് അന്നു കണ്ടെത്തിയത്. ലൈംഗിക പീഢനം സംബന്ധിച്ച് കൊച്ചി ആര്‍എസ്എസ് ഓഫീസിലെത്തി ഗോപാലന്‍കുട്ടി മാസ്റ്ററോടും ബിജെപി നേതാക്കളായ വി മുരളീധരനോടും എം ടി രമേശിനോടും പരാതിപ്പെട്ടിരുന്നതാണെന്നും യുവതി പറയുന്നു. എല്ലാവരും നീതി നടപ്പാക്കിത്തരാമെന്നു പറഞ്ഞുവെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് യുവതി ആരോപിക്കുന്നു.