കൃഷിപാഠം 1
കേരളത്തില്‍ കണ്ടതും അറിഞ്ഞതുമായ കൃഷിയായിരിക്കില്ല പ്രവാസ ലോകത്ത് സാധിക്കുന്നത്. എന്നാലും ഉള്ളില്‍ ഇത്തിര പച്ച ഞരമ്പുണ്ടെങ്കില്‍ എന്തെങ്കിലുമൊക്കെ നടാതെയും വളര്‍ത്താതെയും പറ്റുകയുമില്ല. പഠനം കഴിഞ്ഞയുടന്‍ ജോലിയായി, പരദേശത്തായി, ജീവിതം അങ്ങനെ മുന്നോട്ടു പോകുകയും ചെയ്യുന്നു. ഇതിനിടയില്‍ നാട്ടില്‍ കൃഷി ചെയ്‌തോ ചെയ്യിച്ചോ പഠിക്കാനൊട്ടു കഴിഞ്ഞതുമില്ല. നമ്മുടെ മലയാളീപത്രത്തില്‍ ആഴ്ചയിലൊന്നു വീതം കൃഷിപാഠമായാലോ. അടിസ്ഥാനങ്ങളില്‍ നിന്നു തന്നെ തുടങ്ങാം. ഈയാഴ്ചയില്‍ എന്താണ് ചെടിയെന്നുള്ള പാഠം.
ചെടിയെ അറിയുക
നമ്മളൊക്കെ സാധാരണയുള്ള ധാരണകളെ തിരുത്തിത്തന്നെ തുടങ്ങാം. ചെടികള്‍ നമ്മളെ പോലെ തന്നെയാണ്. നമുക്ക് ഞരമ്പുകളിലൂടെ ചോരയൊഴുകുന്നു. ചെടികള്‍ക്കും ഞരമ്പുകളുണ്ട്. അതിലൂടെ ഒരു ദ്രാവകം ഒഴുകുന്നുമുണ്ട്. നമ്മളതിനെ നീരെന്നും ചാറെന്നുമൊക്കെ വിളിക്കുമെന്നു മാത്രം. നമ്മുടെ ചോരയിലൂടെയാണ് ശരീരത്തിനു വേണ്ട പോഷകങ്ങളൊക്കെ ഒഴുകിയെത്തുന്നതെങ്കില്‍ ചെടികളുടെ ഞരമ്പുകളിലെ നീരിലൂടെ ഇതേ കാര്യം നടക്കുന്നുണ്ട്. നമ്മള്‍ ശ്വസിക്കുന്നു, ചെടികളും ശ്വസിക്കുന്നുണ്ട്. നമുക്ക് മക്കളുണ്ടാകുന്നു, ചെടികള്‍ക്കും ചെടിക്കുഞ്ഞുങ്ങളുണ്ടാകുന്നു. ഉണ്ടാക്കുന്ന രീതിയിലും ഉണ്ടാകുന്ന രീതിയിലും മാത്രമാണ് വ്യത്യാസമുള്ളത്. സാമൂഹ്യ ജീവിതം ഇഷ്ടപ്പെടാത്ത ആള്‍ക്കാരെക്കുറിച്ച് നമ്മള്‍ പറയാറില്ലേ അവന്‍ അല്ലെങ്കില്‍ അവള്‍ ചട്ടിയില്‍ വളരുന്ന ചെടി പോലെയാണെന്ന്. വേരുകളും ശാഖകളും നാലുവശത്തേക്കും സഞ്ചരിക്കുമെങ്കിലും ചെടികള്‍ക്ക് പൊതുവേ മനുഷ്യരോടുള്ള ഏക വ്യത്യാസം അവയ്ക്ക് സ്വമേധയാ എങ്ങോട്ടും സഞ്ചരിക്കാനാവില്ല എന്നതു മാത്രമാണ്.
ചെടിയുടെ ഭാഗങ്ങള്‍
പുറമേക്കു നോക്കിയാല്‍ എല്ലാ ചെടികളും വ്യത്യസ്തമാണ്. ഒരു ക്രിസാന്തമം പോലെയല്ല, ഒരു പയര്‍ചെടി. ഒരു ക്രോട്ടണ്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. ഒരു പിയര്‍ മരമെടുത്താല്‍ മൊത്തത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇവയോരോന്നിനെയും അടിസ്ഥാന ഘടകങ്ങളിലേക്കു മെല്ലെ മാറ്റിയെടുക്കുക. എല്ലാം ഒന്നുതന്നെ. അതായത് അവയ്‌ക്കെല്ലാമുള്ള ഭാഗങ്ങള്‍ ഒന്നു തന്നെ. ചെടിയുടെ പ്രകൃതത്തിലുമുണ്ട് ധാരാളം സാമ്യങ്ങള്‍. എല്ലാ ചെടിയും അടിസ്ഥാനപരമായി പ്രകൃതത്തില്‍ അഥവാ പെരുമാറ്റത്തില്‍ ഒരു പോലെ തന്നെയാണ്.
വേരുകള്‍: ചെടികള്‍ക്ക് രണ്ടു തരത്തിലുള്ള വേരുകളാണുള്ളത്, നേരേ താഴേക്ക് വളരുന്നത് തായ് വേര്, വശങ്ങളിലേക്കു വളരുന്നത് ശാഖാവേരുകള്‍ അഥവാ പക്കവേരുകള്‍.
തടി: തായ് വേരില്‍ നിന്നു നേരേ മുകളിലേക്കു വളരുന്നത് പ്രധാന തടി, അതില്‍ നിന്നു വശങ്ങളിലേക്ക് വളരുന്നത് ശാഖകള്‍. ഓരോ ശാഖയിലുമായി ഇലകള്‍ വളരുന്നു. മിക്കപ്പോഴും ശാഖകളില്‍ തന്നെയാണ് പൂക്കളുമുള്ളത്. പൂക്കളോടു ചേര്‍ന്നാണ് വിത്തുകള്‍.
സഞ്ചാരം: മനുഷ്യര്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ സഞ്ചരിക്കുന്നതു പോലെ ചെടികളും മരങ്ങളും സഞ്ചരിക്കാറില്ല. പക്ഷേ അവയ്ക്കു ചലനങ്ങളുണ്ട്. ഉദാഹരണത്തിന് തൊട്ടാവാടിയുടെ ഇലകള്‍ രാത്രിയില്‍ കൂമ്പി നില്‍ക്കുന്നു, രാവിലെ വിടര്‍ന്നു വരുന്നു. അതൊരു തരം സഞ്ചാരം തന്നെയല്ലേ. സൂര്യപ്രകാശത്തിനു നേര്‍ക്ക് ശാഖകള്‍ സഞ്ചരിക്കുകയാണ്. ഈര്‍പ്പത്തിനു നേരേ വേരുകള്‍ സഞ്ചരിക്കുകയാണ്.
ഇഷ്ടാനിഷ്ടങ്ങള്‍: ചെടിക്കും സ്വന്തമായി ഇഷ്ടാനിഷ്ടങ്ങളുണ്ടെന്നു പറഞ്ഞാല്‍ അവിശ്വസിക്കരുത്. കാരണം മുറിക്കുള്ളില്‍ ഒരു ചെടിയെ ചട്ടിയില്‍ വയ്ക്കുക. അവയുടെ ശാഖകള്‍ ജനാലയിലൂടെ വെളിച്ചം വരുന്നിടത്തേക്കേ വളരൂ. അതാണ് പ്രകാശത്തോടുള്ള ഇഷ്ടം. വീടിനു പുറത്തു വച്ചിരിക്കുന്ന ഒരു ചെടിച്ചട്ടി മറിഞ്ഞു വീണെന്നു വയ്ക്കുക. ഭൂഗുരുത്വത്തിന്റെ തത്വമനുസരിച്ചാണെങ്കില്‍ അതു വീണിടത്തു തന്നെ കിടക്കേണ്ടതാണ്. എന്നാല്‍ ഒരൊറ്റ ദിവസം കൊണ്ട് ശാഖകള്‍ നേരേ മുകളിലേക്കായി തിരിയും. ഇതും പ്രകാശത്തോടുള്ള ഇഷ്ടം കൊണ്ടാണ്. ചില ചെടികള്‍ പകലിനു നീളം കൂടിയ സമയത്തു മാത്രമേ പൂവിടൂ. ചിലതു നേരേ തിരിച്ചും. ഇതാകട്ടെ പകലിനോടുള്ള പ്രിയം കൊണ്ട്. വേറെ ചിലതിനു രാത്രിയോടായിരിക്കും പ്രിയം.
ഇപ്പറഞ്ഞു വരുന്നതിനൊക്കെ ഒരൊറ്റ അര്‍ഥമേയുള്ളൂ, കൃഷിയുമായി മണ്ണിലേക്കിറങ്ങുന്നവര്‍ ചെടിയുടെ ഭാഷ പഠിക്കണം. അതായത് അവയുടെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കി വേണം അവയോട് ഇടപെടുന്ന രീതി നിശ്ചയിക്കാന്‍.
മനുഷ്യരുടെയിടയില്‍ എത്രതരം വര്‍ഗങ്ങളുണ്ട്. ശരീര പ്രകൃതി നോക്കി അനായാസം നമുക്കതു നിശ്ചയിക്കാനും കഴിയുമല്ലോ. ഉദാഹരണത്തിനു ബര്‍മ, ചൈന തുടങ്ങിയ സ്ഥലങ്ങളിലെ ആള്‍ക്കാരെ കാണുമ്പോള്‍ മംഗോളിയര്‍ എന്ന് എത്ര വേഗമാണ് പറയാനാവുന്നത്. തമിഴ്‌നാട്ടില്‍ ചെന്നാല്‍ ദ്രാവിഡ ജനതയ്ക്ക് വേറൊരു ശരീര പ്രകൃതിയാണ്. ചിലരെ കാണുമ്പോള്‍ നമ്മള്‍ റോമന്‍ മൂക്ക്, നല്ല ഭംഗി എന്നു പറയണമെങ്കില്‍ റോമായിലെ ജനതയുടെ മൂക്ക് നീണ്ട് കനം കുറഞ്ഞതാണെന്ന ബോധം നമുക്കുണ്ടാകണമല്ലോ. അതേ പോലെ തന്നെ ചെടികളും പല കുടുംബങ്ങളില്‍ നിന്നോ ജാതികളില്‍ നിന്നോ വരുന്നതാണ്. ഇവയെ ഓരോന്നിനെയായി പരിചയപ്പെടാം.
വാര്‍ഷിക ചെടികള്‍ അഥവാ ആനുവല്‍സ് ഒരു സീസണില്‍ മാത്രം വളരുന്നവയാണ്. ഒരു മഞ്ഞുകാലത്തുണ്ടാകും അതു കഴിയുമ്പോള്‍ അവ വീണു നശിക്കും. നമ്മുടെ കേരളത്തില്‍ ഈസ്റ്റര്‍ ലില്ലികള്‍ ഓരോ ഈസ്റ്റര്‍ സീസണിലും എവിടെ നിന്നാണെന്നറിയാതെ വളരുന്നതു കണ്ടിട്ടുണ്ടാവുമല്ലോ. വളരെ ലോലപ്രകൃതിയായിരിക്കും ആനുവല്‍സിന്. എന്നാല്‍ ഇതില്‍ നിന്നു വ്യത്യസ്തമായ ആനുവല്‍സ് ഉണ്ട്. അവയെ ഹാര്‍ഡി ആനുവല്‍സ് എന്നു വിളിക്കാം. അതായത് തണ്ടിനു നല്ല കനമുള്ളവ. ഇവയ്ക്ക് മഴയെയും മഞ്ഞിനെയും വെയിലിനെയുമൊക്ക അതിജീവിക്കാനാവും.
വളരെ കുറച്ച് അംഗങ്ങളേയുള്ളൂവെങ്കിലും വേറൊരു കുടുംബമാണ് ബയേനിയല്‍ അഥവാ ദ്വിവര്‍ഷികളുടേത്. അവയ്ക്ക് ഒന്നാം വര്‍ഷം വളരാനും രണ്ടാം വര്‍ഷം പൂവിട്ട് അടുത്ത തലമുറയെ ജനിപ്പിക്കാനുമുള്ളതാണ്. അങ്ങനെ രണ്ടു വര്‍ഷം കഴിഞ്ഞാല്‍ അവയൊക്കെ നശിക്കുന്നു. അടുത്തയിനമാണ് പെരേനിയല്‍സ് അഥവാ സ്ഥിര സസ്യങ്ങള്‍. ക്രോട്ടണ്‍ ചെടിയെ എടുക്കുക. കാലങ്ങളോളം അവയങ്ങ് വളര്‍ന്നു കൊണ്ടിരിക്കും. എന്നാല്‍ മരമാണോ അതൊട്ടല്ല താനും. ഇവയില്‍ നിന്നു വ്യത്യസ്തമാണ് മരങ്ങള്‍. നമുക്കറിയാം പ്ലാവുകളും മാവുകളുമൊക്കെ മരങ്ങളാണ്. എത്രയോ കാലമായി നമ്മുടെയൊക്കെ തറവാട്ടു തൊടികളില്‍ ഇവ നില്‍ക്കുന്നു. മരങ്ങളില്‍ തന്നെ ഇല കൊഴിക്കുന്നവയും ഇല കൊഴിക്കാത്തവയുമുണ്ട്. ഇല കൊഴിക്കാത്ത മരങ്ങളാണ് നിത്യഹരിത മരങ്ങള്‍. ആദ്യം പറയേണ്ട മറ്റൊരു കുടുംബക്കാരുണ്ടായിരുന്നു, അവയാണ് പുല്ലുകള്‍. ഇവയ്ക്ക് മരണമില്ലെന്നു പറയാമെങ്കിലും ഇലകള്‍ അഴുകി നശിക്കുന്നതനുസരിച്ച് പുതിയ ഇലകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. തറപറ്റി ഒരു മെത്തപോലെ അവ സ്ഥിരമായി വളര്‍ന്നു കൊണ്ടേയിരിക്കുന്നു. (അടുത്തയാഴ്ച-ചെടികള്‍ക്ക് എന്താണു വേണ്ടത്)