ആനവണ്ടി ബിസിനസ് ക്ലാസാകുന്നു, പ്രീമിയം യാത്രക്കാരെ ആകര്‍ഷിക്കാന്‍ വിമാനതുല്യമായ ബസ്

തിരുവനന്തപുരം: കേരളത്തിലെ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രണ്ടും കല്‍പിച്ചുള്ള നീക്കത്തിലാണ്. കെഎസ്ആര്‍ടിസിയുടെ വരുമാനം ഇരട്ടിയാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി അവസാനം വരുത്താന്‍ ശ്രമിക്കുന്ന മാറ്റം ഇങ്ങനെ. ഏറ്റവും പ്രീമിയം യാത്രക്കാരെ ആനവണ്ടിയിലേക്ക് ആനയിക്കാനാണ് ശ്രമം. ഇതിനായി തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് മൂന്നര മണിക്കൂറില്‍ എത്താന്‍ സാധിക്കുന്ന വിധത്തില്‍ ബിസിനസ് ക്ലാസ് ബസ് സര്‍വീസ് ആരംഭിക്കുകയാണ്. എമിറേറ്റ്‌സ് വിമാനത്തിലേതിനു തുല്യമായ യാത്രാ സൗകര്യങ്ങളായിരിക്കുമത്രേ ഈ ബസിനുള്ളിലുണ്ടാകുക.

ഇരുപത്തഞ്ചു പേര്‍ക്കു മാത്രമായിരിക്കും ഒരു ബസില്‍ സീറ്റിങ്. ഓരോ യാത്രക്കാരനും വ്യക്തിഗത ടെലിവിഷന്‍, ചാര്‍ജിങ് സൗകര്യം, വൈഫൈ എന്നിങ്ങനെ എല്ലാ സൗകര്യവുമുണ്ടായിരിക്കും. ഇതിനൊക്കെ പുറമെ യാത്രക്കാരുടെ സൗകര്യം നോക്കാന്‍ ബസിനുള്ളില്‍ എയര്‍ ഹോസ്റ്റസ് മാതൃകയില്‍ ബസ് ഹോസ്റ്റസ് ഉണ്ടായിരിക്കും. സീറ്റുകള്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തതായിരിക്കും.

എഐയുടെ സഹായത്തോടെയായിരിക്കും ബസിന്റെ യാത്രാസംബന്ധമായ കാര്യങ്ങള്‍ നിശ്ചയിക്കപ്പെടുക. 2026 ഡിസംബറോടെ ആറുവരി പാതയുടെ പണി പൂര്‍ത്തിയാകുമെന്നാണ് കണക്കാക്കുന്നത്. അതിനൊപ്പമായിരിക്കും അള്‍ട്രാ ലക്ഷ്വറി ബസും നിരത്തിലിറങ്ങുക. റോഡ് ലോകോത്തര നിലവാരത്തിലെത്തുന്നതിന്റെ പ്രയോജനമെടുത്ത് കെഎസ്ആര്‍ടിസിയെ ലാഭത്തിലെത്തിക്കുകയാണ് ഗണേഷിന്റെ ലക്ഷ്യം.